
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ്, വിവാദക്കുരുക്കിൽ നേതാക്കൾ, കോൺഗ്രസിന്റെ രഹസ്യ സർവേ–പ്രധാന വാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തേത് ‘ട്രെയിലർ’ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ ‘മുഴുവൻ സിനിമയും’ ലോകത്തിനു മുന്നിൽ കാണിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത് വലിയ വാർത്താ പ്രാധാന്യം നേടി. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസ്താവന നടത്തിയ മുന്‍ മന്ത്രി ജി.സുധാകരനെ തള്ളി സിപിഎം നിലപാടറിയിച്ചതും ഇന്നത്തെ മുഖ്യ വാർത്തകളിലൊന്നായി. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന കോൺഗ്രസിന്റെ രഹസ്യ സർവേ ആണ് മറ്റൊരു പ്രധാന വാർത്ത. അടിത്തട്ട് മുതലുള്ള സംഘടനാ ദൗർബല്യം മനസ്സിലാക്കി പ്രാദേശിക സ്വാധീനമുള്ളവരെ സ്ഥാനാർഥികളാക്കണമെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. വനംവകുപ്പ് ഓഫിസ് മാർച്ചിനിടെ സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയുമായ കെ.പി.ഉദയഭാനു നടത്തിയ വിവാദപരാമർശവും വാർത്തയിൽ ഇടം നേടി. വായിക്കാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും.
സുധാകാരന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. ജി.സുധാകരനെ പോലെയുള്ളവര്‍ പറയുമ്പോള്‍ ശ്രദ്ധിച്ചു പറയണം. ജനാധിപത്യം അട്ടിമറിക്കാനുള്ള ഒരു തരത്തിലുള്ള പ്രവര്‍ത്തനത്തിനും സിപിഎം അന്നുമില്ല, ഇന്നുമില്ല, നാളെയുമുണ്ടാകില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അതിന് എന്തിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും പ്രസ്താവന സുധാകരന് തന്നെ തിരുത്തിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
‘ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’– വന്യമൃഗശല്യത്തിനെതിരെ ഡിഎഫ്ഒ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെ ഉദയഭാനു പറഞ്ഞു.
തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അതീവ ശ്രദ്ധ വേണ്ടതെന്നു സ്വകാര്യ ഏജൻസി ഹൈക്കമാൻഡിനു കൈമാറിയ സർവേ റിപ്പോർട്ടിൽ പറയുന്നു. ഈ ജില്ലകളിലെ ബിജെപി സാന്നിധ്യം തിരിച്ചറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരും. അടിത്തട്ട് മുതലുള്ള സംഘടനാ ദൗർബല്യം മനസ്സിലാക്കണം. കൃത്യമായി പഠിച്ചു പ്രാദേശിക സ്വാധീനമുള്ളവരെ സ്ഥാനാർഥികളാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണു പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരുക്കില്ല. പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. കൽപറ്റയിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഗുജറാത്തിലെ ഭുജിൽ സൈനിക താവളം സന്ദർശിക്കുമ്പോഴായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഇപ്പോഴത്തേത് ‘ട്രെയിലർ’ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ ‘മുഴുവൻ സിനിമയും’ ലോകത്തിനു മുന്നിൽ കാണിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. 23 മിനിറ്റിനുള്ളിൽ പാക്ക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്നാഥ് സിങ് അഭിനന്ദിച്ചു. വ്യോമസേന നൽകിയ തിരിച്ചടി ലോകം മുഴുവൻ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു.