
ദില്ലി: വ്യോമിക സിങ്ങിനെതിരെയായ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് സിപിഐ നേതാവ് ആനി രാജ. ജാതി നോക്കിയുള്ള ഇത്തരം പ്രസ്താവനകൾ ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും ഓപ്പറേഷൻ സിന്ദൂർ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ആനി രാജ പറഞ്ഞു. സോഫിയ ഖുറേഷിയെ ബിജെപി വിമര്‍ശിച്ചത് മുസ്ലീമായത് കൊണ്ടാണെന്നും എന്നാല്‍ വ്യോമിക സിങ്ങിനെ വിമര്‍ശിക്കാതിരുന്നത് രജ്പുത് ആണെന്ന് തെറ്റിദ്ധരിച്ചാണെന്നുമാണ് സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞത്. ഈ പ്രസ്താവനയാണ് വിമര്‍ശനത്തിന് കാരണമായത്.
ഇന്ത്യ മുന്നണി നിര്‍ജീവമാണെന്ന പി ചിദംബരത്തിന്റെ പ്രസ്താവനയെയും ആനി രാജ വിമര്‍ശിച്ചു. ചിദംബരത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഇല്ലാത്തത് കൊണ്ട് തോന്നിയതാകും എന്നാണ് ആനി രാജയുടെ പ്രതികരണം. ഇന്ത്യ സഖ്യത്തിന്റെ ഭാവി ആശങ്കയിലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞത്. ബിജെപിയുടേത് ശക്തമായ സംഘടന സംവിധാനമാണെന്നും ചിദംബരം പറഞ്ഞു. കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ സഖ്യത്തിന്റെ ഭാവി ആശങ്കയിലാണെന്ന് പി ചിദംബരം വ്യക്തമാക്കുന്നത്. സഖ്യം മുന്നോട്ട് പോകുന്നുണ്ടോയെന്ന് ഉറപ്പില്ല. നിലനില്പില് വലിയ ഭീഷണിയാണ് നേരിടുന്നത്. ശ്രമിച്ചാല്‍ ശക്തമായി മുന്നോട്ട് പോകാനാകുമെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കി ബിജെപിയെ പുകഴ്ത്തുക കൂടിയാണ് ചിദംബരം ചെയ്തത്. ബിജെപിയെ പോലെ ശക്തവും, സംഘടതിവുമായ ഒരു പാര്‍ട്ടി വേറെ ഇല്ല. സംഘടനരംഗത്ത് എല്ലാ തലങ്ങളിലും ബിജെപി സുശക്തമാണെന്ന് കൂടി ചിദംബരം പറയുന്നു.
ചിദംബരത്തിന്റെ ഇത്തരം ഒരു പ്രസ്താവനയ്ക്ക് കാരണം കോണ്‍ഗ്രസിന് ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാണോ എന്ന് അറിയില്ല, പാർട്ടികൾക്ക് വീഴ്ചകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കണം. ഇന്ത്യ മുന്നണി നിരന്തരം യോഗം ചേരണം എന്ന് സിപിഐ നേരത്തെ ആവശ്യപ്പെടുന്നതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം എന്തെങ്കിലും കാട്ടി കൂട്ടുന്നതിൽ കാര്യമില്ല എന്നും ആനി രാജ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]