
തിരുവനന്തപുരം: തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്നയുടെയും മകൾ ജ്യോതിലക്ഷ്മി(15) ആണ് മരിച്ചത്. ഞെക്കാട് ഗവ.എച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ശ്വാസതടസവും ചുമയും ശരീരത്തിൽ വിറയലും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പരിശോധനയിൽ തലച്ചോറിൽ അണുബാധ ഉണ്ടായെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ചൊവ്വാഴ്ച്ച മരിച്ചു.
വീടിനു സമീപത്തെ തോട്ടിൽ ഒരു കാട്ടുപന്നി ചത്തു കിടന്നിരുന്നുവെന്നും ദിവസങ്ങൾ കഴിഞ്ഞാണ് ഇതിനെ കണ്ടത്തിയതെന്നും ഈ തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികൾ വീട്ടിൽ എത്തിയിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. മരിച്ച കുട്ടിയുടെ കാലിൽ മുറിവ് ഉണ്ടായിരുന്നു. വെള്ളത്തിലൂടെയുണ്ടായ അണുബാധയാണ് രോഗ കാരണമെന്നാണ് സംശയമെന്ന് ഡോക്ടർമാർ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മതിയായ രീതിയിൽ ചികിത്സ ലഭിക്കാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മാതാവ് പറയുന്നു. മെഡിക്കൽ കോളെജിൽ വച്ച് കുട്ടിക്ക് രോഗം ഗുരുതരാവസ്ഥയിൽ എത്തിയെങ്കിലും രോഗം എന്തെന്ന് തിരിച്ചറിയാൻ പോലും ഡോക്ടർമാർക്കായില്ല. വേദനകൊണ്ടു പിടഞ്ഞ കുട്ടിയെ നിലത്താണ് കിടത്തിയിരുന്നതെന്നും അമ്മ പറഞ്ഞു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അണുബാധ തിരിച്ചറിഞ്ഞത്. പിതാവ് ജോയി ഒരു വർഷമായി പക്ഷാഘാതം മൂലം കിടപ്പിലാണ്. സഹോദരൻ: ജ്യോതിഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]