
തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ വീടുനു നേരെ ആക്രമണം; മലപ്പട്ടം പൊലീസ് വലയത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഇർഷാദിന്റെ വീടിനുനേരെ അക്രമം. ഏഴാംമൈലിലെ വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ലും രാത്രിയിൽ തകർത്തു. ഇർഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന പ്രകടനത്തിൽ ഇർഷാദ് പങ്കെടുത്തിരുന്നു. പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
പാനൂരിൽ പ്രകടനം നടത്തുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് ഓഫിസിലെത്തി പാർട്ടി പതാകകൾ കൊണ്ടുപോയി റോഡിലിട്ട് കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്നാരോപിച്ച് പാനൂർ സ്റ്റേഷനിലേക്ക് പ്രവർത്തകർ പ്രകടനമായെത്തിയത് സംഘർഷത്തിനിടയാക്കി. രാത്രി പത്ത് മുതൽ അര മണിക്കൂറോളം സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടായി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിൽ പ്രവർത്തകർ പിരിഞ്ഞുപോകുകയായിരുന്നു. പിന്നീട്, സ്റ്റേഷനിലെത്തി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും പതാക കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. പിലാത്തറയിലും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കൊടികൾ നശിപ്പിക്കപ്പെട്ടു.
മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. ബുധനാഴ്ച വൈകിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുെട നേതൃത്വത്തിൽ അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്കു നടത്തിയ കാൽനട ജാഥ സംഘർഷത്തിൽ കലാശിച്ചു. ഇതിനു പിന്നാലെയാണു പലയിടത്തും കോൺഗ്രസിന്റെ കൊടികൾ നശിപ്പിച്ചത്. ഇന്നലെ സിപിഎമ്മും മലപ്പട്ടത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പൊലീസ് വലയത്തിൽ മലപ്പട്ടം
കണ്ണൂരിൽനിന്നുള്ള ഒരു കമ്പനി പൊലീസും മയ്യിൽ പൊലീസ് സ്റ്റേഷനിൽനിന്നുള്ള സംഘവും സംഘർഷമുണ്ടായ ബുധനാഴ്ച വൈകിട്ടു മുതൽ സ്ഥലത്തു ക്യാംപ് ചെയ്യുകയാണ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസും സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസും പ്രവർത്തിക്കുന്ന സംഘർഷമുണ്ടായ മലപ്പട്ടം സെന്ററിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സിപിഎമ്മിൽനിന്നു വധഭീഷണി നേരിടുന്നതായുള്ള പരാതിയെത്തുടർന്നു യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി അടുവാപ്പുറത്തെ പി.ആർ.സനീഷിന്റെ വീടിനും പൊലീസ് സുരക്ഷയുണ്ട്.
ഫോണിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും സിപിഎം നേതാക്കൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി കാണിച്ച് വിമുക്തഭടൻ കൂടിയായ സനീഷ് രാഷ്ട്രപതിക്കും ജില്ലാ കലക്ടർക്കും ഉൾപ്പെടെ ഇന്നലെ പരാതി നൽകിയിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒരാഴ്ചയോളം രാത്രി മലപ്പട്ടത്ത് പൊലീസ് പട്രോളിങ് നടത്തും. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര, സ്തൂപം തകർത്ത അടുവാപ്പുറവും സംഘർഷമുണ്ടായ മലപ്പട്ടവും സന്ദർശിച്ചു.തകർത്ത സ്തൂപം പൊതുസ്ഥലത്താണെന്ന പരാതിയെത്തുടർന്നു മലപ്പട്ടം വില്ലേജ് അധികൃതർ ഇന്നലെ സ്ഥലത്തു പരിശോധന നടത്തി.