
തിരുവനന്തപുരം: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ അച്ഛൻ ചികിത്സയിലിരിക്കേ മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൂത്തമകൻ രാജേഷിനെ (42) മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മരണത്തിനു കാരണം മകന്റെ മർദനമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് നടപടി.
മെയ് നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. രാജേന്ദ്രനും മകൻ രാജേഷും തമ്മിൽ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പരിസരവാസികൾ പറഞ്ഞു. ഇരുവരും മദ്യപിച്ചിരുന്നു. അബോധാവസ്ഥയിലായ രാജേന്ദ്രനെ രാജേഷും മറ്റു ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. മറിഞ്ഞുവീണു പരിക്കുപറ്റിയതായാണ് ആശുപത്രിയിൽ പറഞ്ഞത്. പൊലീസിൽ അറിയിക്കാതെ മറച്ചുവയ്ക്കാനും ശ്രമമുണ്ടായി. 11 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്.
രാജേന്ദ്രന്റെ മരണ വിവരം അറിഞ്ഞതോടെ രാജേഷ് വിളവൂർക്കൽ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരൺ നാരായണി ഐപിഎസിന്റെ നിർദേശനുസരണം കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാജേഷിനെ പിടികൂടി. മലയിൻകീഴ് എസ്എച്ച്ഒ നിസാമുദ്ദീൻ എ, സ്പെഷ്യൽ ബ്രാഞ്ച് ജിഎസ്ഐ സുനിൽ കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ്സിപിഒ വിനോദ്, ജിഎസ്ഐ ഗോപകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Last Updated May 16, 2024, 9:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]