
കൊച്ചി: തൃപ്പൂണിത്തുറയിൽ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ മകൻ റിമാൻഡിൽ. ഒളിവിലായിരുന്ന മകൻ അജിത്ത് ഇന്ന് തൃപ്പൂണിത്തുറ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കാക്കനാട് ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു. ജോലിത്തിരക്കിലായിരുന്നുവെന്നും പണവുമായി അച്ഛനെ കൂട്ടിക്കൊണ്ട് പോകാനായിരുന്നു തീരുമാനിച്ചതെന്നുമാണ് അജിത്തിന്റെ മൊഴി.
എന്നാൽ കിടപ്പ് രോഗിയായ അച്ഛന് ഭക്ഷണം പോലും നൽകാതെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് മനപൂർവ്വമല്ലാത്ത നരഹത്യ ശ്രമത്തിനുള്ള കുറ്റം കൂടി ഉൾപ്പെടുത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. മകൻ ഉപേക്ഷിച്ച ഷൺമുഖന്റെ ദുരിതം വാർത്തയായി പുറത്ത് വന്നതോടെ സഹോദരനെത്തി ഏറ്റെടുത്തിരുന്നു. 70വയസ് പിന്നിട്ട ഷൺമുഖനെ രണ്ട് പെൺമക്കളും ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കിടപ്പ് രോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ അജിത്തും കുടുംബവും കടന്ന് കളഞ്ഞത്.
എറണാകുളം എരൂരിലാണ് കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞത്. എഴുപത് പിന്നിട്ട ഷൺമുഖൻ ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി ഒരുദിവസം നരകിച്ചാണ് വീട്ടിൽ കഴിഞ്ഞത്. വൈറ്റില സ്വദേശി ഷൺമുഖൻ അപകടത്തിൽപെട്ടതോടെയാണ് കിടപ്പിലായത്.മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. മാസങ്ങളായി വാടക കുടിശ്ശികയായതോടെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു. എന്നാൽ വാടകവീട്ടിൽ അച്ഛനെ ഉപേക്ഷിച്ചായിരുന്നു അജിത്ത് കടന്ന് കളഞ്ഞത്. വിവരമറിഞ്ഞ വീട്ടുടമസ്ഥൻ തൃപ്പൂണിത്തുറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Last Updated May 16, 2024, 2:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]