
തിരുവനന്തപുരം: കുടുംബശ്രീ പ്രവർത്തനങ്ങൾ ഇരുപത്തിയാറ് വർഷം പൂർത്തിയാക്കുമ്പോൾ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ ഓരോ എ ഡി എസിലും ‘എന്നിടം’ സജ്ജമാകുന്നു. വാർഡ്തലത്തിലുള്ള എ.ഡി.എസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും ‘എന്നിടം’ മാറും.
അതത് എ.ഡി.എസ് ഭാരവാഹികൾക്കാണ് ഇതിൻറെ പ്രവർത്തന ചുമതല. കുടുംബശ്രീ വാർഷിക ദിനമായ മെയ് 17ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ജില്ലയിൽ ആര്യങ്കോട് പഞ്ചായത്തിലെ കരിക്കോട്ടുകുഴി എ ഡി എസിൽ ‘എന്നിട’ത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർമാലിക് നിർവഹിക്കും.
പുതുതായി പ്രവർത്തനം ആരംഭിക്കുന്ന എ ഡി എസ് ഓഫീസിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രമേഷ് ജി അധ്യക്ഷത വഹിക്കും. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സിസി ‘എന്നിടം’ ആശയാവതരണം നടത്തും. പരിപാടിയോടനുബന്ധിച്ച് രാവിലെ മുതൽ വിവിധ കലാ പരിപാടികൾ, ഭക്ഷ്യമേള, ഉൽപന്ന പ്രദർശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സംഘടനാ ശാക്തീകരണവും കുടുംബശ്രീ വനിതകളുടെ സാംസ്കാരിക ശാക്തീകരണവും ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കുന്ന വേറിട്ട പദ്ധതിയാണ് ‘എന്നിടം’.
അയൽക്കൂട്ട വനിതകളുടെ കലാ സാഹിത്യ വാസനകൾ വളർത്താനും ആശയങ്ങൾ പങ്കു വയ്ക്കാനുമുള്ള വേദിയായിരിക്കും ‘എന്നിടം’. ഓരോ വാർഡിലെയും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ഇടങ്ങൾ, വായനശാലകൾ എന്നിവിടങ്ങളാണ് ‘എന്നിട’ത്തിനായി തയ്യാറാവുന്നത്. അംഗങ്ങളിൽ സാമൂഹിക സാംസ്കാരിക അവബോധം സൃഷ്ടിക്കുക, പൊതു സമൂഹത്തിൽ മാനസികാരോഗ്യം ഉറപ്പു വരുത്തുക, നാടിൻറെ സൗഹാർദ്ദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയും ‘എന്നിട’ത്തിലൂടെ ലക്ഷ്യമിടുന്നു.
എല്ലാ വർഷവും കുടുംബശ്രീ വാർഷികദിനമായ മെയ് 17നും അനുബന്ധ ആഴ്ചയിലും എ ഡി എസ്തലത്തിൽ അയൽക്കൂട്ട, ഓക്സിലറി, ബാലസഭകളിലെ അംഗങ്ങൾ, ബഡ്സ് ബി.ആർ.സി അംഗങ്ങൾ, വയോജനങ്ങൾ തുടങ്ങി എല്ലാവരേയും പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ സാമൂഹ്യമേഖലയിലും വിനോദ വിജ്ഞാന കലാ കായിക മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്കും ‘എന്നിടം’ വേദിയാകും.
എല്ലാ മാസവും ഒരു ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് നിർദേശം. സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ കുടുംബശ്രീ ഡയറക്ടർ ബിന്ദു കെ.എസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, സി.ഡി.എസ് പ്രവർത്തകർ, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
Last Updated May 15, 2024, 5:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]