
മുനമ്പത്ത് നിരാശയും ആശങ്കയും; അനുകൂലമായോ പ്രതികൂലമായോ നിലപാട് എടുത്തിട്ടില്ല : ഫാ. ആന്റണി വടക്കേക്കര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പരിഹാരമുണ്ടാകാത്തതിൽ നിരാശയും ആശങ്കയുമുണ്ടെന്ന് സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ സന്ദർശനത്തിനു ശേഷമാണ് സീറോ മലബാർ സഭയുടെ പ്രതികരണം.
‘‘ വഖഫ് ഭേദഗതി നിയമം വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു, എന്നാൽ ശാശ്വത പരിഹാരമുണ്ടാകാൻ നിയമപോരാട്ടം തന്നെ വേണ്ടി വരും. മുനമ്പത്ത് 186 ദിവസമായി സമരം ചെയ്യുന്നവർക്ക് അവരുടെ ഭൂമിയുടെ റവന്യൂ അവകാശമടക്കം തിരിച്ചു കിട്ടുന്നതിന് ഇനിയും പരിഹാരമായിട്ടില്ല എന്നത് നിരാശയും ആശങ്കയും ബുദ്ധിമുട്ടുമുണ്ടാക്കുന്ന കാര്യമാണ്. നിയമപരമായ പോരാട്ടമടക്കം മുന്നിലുണ്ട്. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ ഇടപെടുമ്പോൾ അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായോ പ്രതികൂലമായോ സഭ നിലപാടെടുത്തിട്ടില്ല. മറിച്ച് ശാശ്വതമായ പ്രശ്നപരിഹാരത്തിന് സർക്കാരുകൾ നിയമം ഭേദഗതി ചെയ്യണമെന്നാണ് പറഞ്ഞത്. രാഷ്ട്രീയ പാർട്ടി നേതാക്കള് ജനങ്ങളെ ഒട്ടേറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണകളുടെ പുറത്തായിരിക്കാം ചില രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായി ചില വൈകാരിക പ്രതികരണങ്ങൾ ഉണ്ടായത്.
സമരസമിതി ഭാരവാഹികളുമായും കോട്ടപ്പുറം രൂപതാ ബിഷപ്പുമായും സംസാരിച്ചിരുന്നു. നിയമപോരാട്ടം തുടരേണ്ടി വരുമെന്നാണ് സമരസമിതി പറഞ്ഞത്. നിയമപോരാട്ടത്തിന് ആവശ്യമായ നിയമ, ഭരണ പിന്തുണ കേന്ദ്രമന്ത്രി റിജിജു അറിയിച്ചിട്ടുണ്ട്. മുന്ന്–നാല് ആഴ്ചകൾ കൂടി വേണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കാത്തിരിക്കാൻ തങ്ങൾ തയാറാണ് ’’ ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.