
ദുബൈ: ദുബൈയിലെ പ്രധാന ലാൻഡ് മാർക്ക് ആയ മാൾ ഓഫ് എമിറേറ്റ്സ് വികസിപ്പിക്കാനൊരുങ്ങുന്നു. പുതിയതായി 100 സ്റ്റോറുകൾ, തിയേറ്റർ, വിനോദത്തിനും ഭക്ഷണത്തിനുമായി ഇൻഡോർ ഔട്ട്ഡോർ ഏരിയകൾ തുടങ്ങി വലിയ നവീകരണമാണ് മാൾ ഓഫ് എമിറേറ്റ്സിൽ നടത്താനൊരുങ്ങുന്നത്. ഇതിനായി 500കോടി ദിർഹത്തിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.
മാളിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും 20,000 ച.മീറ്ററിലേക്ക് കൂടി മാളിന്റെ സ്ഥലം വികസിപ്പിക്കുകയാണെന്നും ഉടമ മജീദ് അൽ ഫുതൈം പറഞ്ഞു. ഇതിനായി 120 കോടി ദിർഹം ചെലവാക്കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മാളിന്റെ 20ാമത് വാർഷികം പ്രമാണിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിനോദ പരിപാടികൾക്കും ഡൈനിങ്ങിനുമായി പ്രത്യേക ഇൻഡോർ – ഔട്ട്ഡോർ ഏരിയകൾ കൊണ്ടുവരും. മാളിന്റെ ഹൃദയഭാഗത്തായിട്ടായിരിക്കും ഫുഡ് ആൻഡ് ബിവറേജിനായുള്ള ഇടം. കൂടാതെ അത്യാഢംബര റസ്റ്റോറന്റുകളും നവീകരണം കഴിയുന്നതോടെ മാളിൽ പ്രവർത്തനം ആരംഭിക്കും. പുതിയ കോവന്റ് ഗാർഡൻ തിയറ്ററും മാളിന്റെ പ്രത്യേക ആകർഷണങ്ങളിലൊന്നായിരിക്കും. ഇത് ഈ വർഷം പകുതിയോടെ പ്രവർത്തനമാരംഭിക്കും. ഷോപ്പിങ്ങിനും വിനോദത്തിനുമായി പ്രത്യേകം കേന്ദ്രങ്ങൾ, 600 സീറ്റുകളുള്ള റിഹേഴ്സൽ ഇടങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് മേഖലയിലെ വിനോദത്തിനും ഷോപ്പിങ്ങിനുമായി പുതിയ നിർവചനമെന്ന പോലെ മാൾ ഓഫ് എമിറേറ്റ്സ് ആരംഭിച്ചത്. ഇന്നും ആ പാരമ്പര്യം കാത്തുപോരുന്നു. പുതിയ സാധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് മാളിനെ കൂടുതൽ ആകർഷണീയമാക്കുകയാണ് നവീകരണ പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മജീദ് അൽ ഫുതൈം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]