
വിശാഖപട്ടണം: ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 106 റണ്‍സിന് തോറ്റതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇരട്ട പ്രഹരം. കുറഞ്ഞ ഓവർ നിരക്കിന് ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ വിധിച്ചു. ഈ സീസണിലെ മൂന്ന് മത്സരങ്ങള്‍ക്കിടെ രണ്ടാംവട്ടവും പിഴവ് വരുത്തിയതാണ് റിഷഭിന് ഇരട്ടി പിഴ ലഭിക്കാന്‍ കാരണമായത്. റിഷഭ് പന്ത് മാത്രമല്ല പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന എല്ലാ താരങ്ങളും ഇംപാക്ട് പ്ലെയറും പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് ക്യാപ്റ്റന്‍ ഒഴികെയുള്ള ഓരോരുത്തർക്കും ഐപിഎല്‍ അധികൃതർ വിധിച്ചിരിക്കുന്ന പിഴ.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 106 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്തയുടെ വെടിക്കെട്ട് ബാറ്റിംഗിൽ വിശാഖപട്ടണത്ത് 272 റൺസ് പിറന്നു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണിത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മറുപടി ബാറ്റിംഗ് 17.2 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. 33 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായത് ക്യാപിറ്റല്‍സിന് തിരിച്ചടിയായി. റിഷഭ് പന്ത് (25 പന്തില്‍ 55), ട്രിസ്റ്റന്‍ സ്റ്റബ്സ് (32 ബോളില്‍ 54) എന്നിവർ മാത്രമാണ് പോരാടിയത്. വൈഭവ് അറോറയും വരുണ്‍ ചക്രവർത്തിയും മൂന്ന് വീതവും മിച്ചല്‍ സ്റ്റാർക്ക് രണ്ടും ആന്ദ്രേ റസലും സുനില്‍ നരെയ്നും ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 39 പന്തില്‍ 85 റണ്‍സടിച്ച സുനില്‍ നരെയ്ന്, 27 ബോളില്‍ 54 നേടിയ അന്‍ഗ്രിഷ് രഘുവന്‍ഷി, 19 പന്തില്‍ 41 നേടിയ ആന്ദ്രേ റസല്‍, 8 ബോളില്‍ 26 റണ്‍സ് എടുത്ത റിങ്കു സിംഗ് എന്നിവരുടെ കരുത്തിലാണ് റെക്കോർഡ് സ്കോർ പടുത്തുയർത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി ആന്റിച് നോർക്യ മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലോവറില്‍ 59 റണ്‍സ് വഴങ്ങി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മ മൂന്നോവറില്‍ 43 റണ്‍സും വിട്ടുകൊടുത്തു. തുടർച്ചയായ മൂന്ന് വിജയങ്ങളോടെ കൊൽക്കത്ത ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ആദ്യ മൂന്ന് മത്സരങ്ങളും കെകെആർ ജയിക്കുന്നത്.
Powered By
Last Updated Apr 16, 2024, 2:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]