
മുംബൈ: ഉറങ്ങുക എന്നത് മനുഷ്യന്റെ സാധാരണമായ ആവശ്യങ്ങളിലൊന്നാണ്, അതിന് അനുവദിക്കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ബോംബൈ ഹൈക്കോടതി. ചോദ്യം ചെയ്യലിനും മൊഴി എടുക്കുന്നതിനും ഭൌമികമായ സമയങ്ങൾ പാലിക്കണമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി കൊണ്ടാണ് മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് സംബന്ധിയായ മാനദണ്ഡങ്ങൾ പുറത്തിറക്കാനും കോടതി ഇഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തയാളെ അറസ്റ്റിന് മുൻപിന് രാത്രി പത്ത് മണി മുതൽ പുലർച്ചെ മൂന്ന് മണി വരെ മൊഴി എടുത്തതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
ഗാന്ധിധാം സ്വദേശിയായ 64കാരൻ റാം കോടുമാൽ ഇസ്രാണി എന്നയാളാണ് അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രേവകി മൊഹിതേ ദേരേ, ജസ്റ്റിസ് മഞ്ജുഷാ ദേശ്പാണ്ഡേ എന്നിവരുടെ ബെഞ്ചാണ് പരാതി പരിഗണിച്ചത്. 2023 ഓഗസ്റ്റ് 7 രാത്രി 10.30ഓടെയാണ് റാം കോടുമാൽ ഇസ്രാണിയെ ഇഡി മൊഴി എടുക്കാനായി വിളിച്ച് വരുത്തിയത്. ദില്ലിയിൽ വച്ചായിരുന്നു ഇത്. ശുചിമുറിയിൽ പോലും പോകാൻ അനുവദിക്കാതെ ഫോൺ അടക്കമുള്ള പിടിച്ചുവച്ചായിരുന്നു മൊഴിയെടുപ്പ്. രാത്രി മുഴുവനുള്ള മൊഴിയെടുപ്പ് ഇത് നിരവധി ആരോഗ്യ പ്രശ്നമുള്ള 64കാരന്റെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജി വിശദമാക്കിയത്. അർധ രാത്രിക്ക് ശേഷവും നടന്ന മൊഴിയെടുപ്പ് പുലർച്ച് 3 മണിയോടെയാണ് അവസാനിച്ചത്. ഔദ്യോഗിക രേഖകളിൽ ഓഗസ്റ്റ് 8ന് പുലർച്ചെ 5.30ഓടെയാണ് 64കാരനെ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയത്.
എന്നാൽ മൊഴി രേഖപ്പെടുത്തുന്നതിൽ റാം കോടുമാൽ ഇസ്രാണി എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് അതിനാലാണ് രാത്രി വൈകിയും മൊഴിയെടുപ്പ് നടന്നതെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മൊഴിയെടുപ്പിനോട് യോജിപ്പില്ലെന്ന് കോടതി വിശദമാക്കി. ഉറക്ക കുറവ് ഒരാളുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഒരാളുടെ ചിന്താ ശക്തി ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത സമയത്തുള്ള മൊഴിയെടുപ്പിനെ ന്യായീകരിക്കാനില്ലെന്നും കോടതി വ്യക്തമാക്കി. റാം കോടുമാൽ ഇസ്രാണിയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചില്ലെങ്കിലും അസാധാരണമായ സമയത്തുള്ള മൊഴിയെടുപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്.
Last Updated Apr 16, 2024, 12:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]