
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണ് കമ്മീഷന് പുറത്തു വിട്ട കണക്കുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞു. പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുക്കാനായി. രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതർ പിടികൂടിയിട്ടുണ്ട്.
സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങളും മറ്റ് സൗജന്യങ്ങളായുള്ള 1142 കോടിയുടെ സാധനങ്ങളുടെ പിടിച്ചെടുത്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴിനാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തില്‍ നിന്ന് പണമായി പത്ത് കോടിയാണ് കമ്മീഷൻ പിടിച്ചെടുത്തത്. രണ്ട് കോടിയുടെ മദ്യവും 14 കോടിയുടെ മയക്ക് മരുന്നും പിടിച്ചെടുത്തു. ഏപ്രില്‍ 19നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്. പതിമൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇത്രയും പണമൊഴുകിയെങ്കില്‍ ഇനിയുള്ള ഒന്നര മാസം എത്ര പണമൊഴുകുമെന്നത് ഞെട്ടിക്കുന്നതാണ്.
Last Updated Apr 16, 2024, 11:13 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]