
ബംഗലൂരു: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗൂരുവിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. തോൽവി ശീലമാക്കിയ റോയൽ ചലഞ്ചേഴ്സും ആരെയും തോൽപിക്കുകയും ആരോടും തോൽക്കുകയും ചെയ്യുന്ന സൺറൈസേഴ്സ് ഹൈദരാബാദും നേര്‍ക്കു നേര് വരുമ്പോള്‍ പ്രവചനം അസാധ്യമാണ്.
ആറു കളിയിൽ അഞ്ചിലും തോറ്റ ബംഗലൂരുവിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ജയിക്കാതെ രക്ഷയില്ല. റണ്ണടിച്ചുകൂട്ടുന്ന ഒറ്റയാൻ വിരാട് കോലിയെ മാറ്റിനിർത്തിയാൽ നിരാശയുടെ കൂടാരമാണ് ആർസിബി ടീം. ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയുടെയും കാർത്തിക്കിന്റെയും ലോംറോറിന്റെയുമെല്ലാം ചെറുമിന്നലാട്ടം കണ്ടെങ്കിലും ആരും സ്വന്തം മികവിന്റെ അടുത്തുപോലുമെത്തുന്നില്ല.
ഗ്ലെൻ മാക്വെല്ലിന് സീസണിലെ ആറ് മത്സരങ്ങളില്‍ നിന്ന് ആകെ നേടാനായത് 32 റൺസ് മാത്രം. കഴിഞ്ഞ മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ് മാക്സ്വെല് ഇന്ന് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. മാക്സ്വെല് പുറത്തിരുന്നാല്‍ കാമറൂണ്‍ ഗ്രീന്‍ പ്ലേയിംഗ് ഇലവനിലെത്തും. മുനയൊടിഞ്ഞ ബൌളർമാരാകട്ടെ ആർസിബിയുടെ നേരിയ പ്രതീക്ഷകളും തല്ലുവാങ്ങികൂട്ടി തീർക്കുന്നു. റണ്ണൊഴുക്ക് നിയന്ത്രിക്കാനോ വിക്കറ്റ് വീഴ്ത്താനോ കഴിയുന്നില്ല.
മറുവശത്ത് സൺറൈസേഴ്സിന്റെ അക്കൗണ്ടിൽ അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് തോൽവിയുമാണുള്ളത്. റൺസിൽ ആശങ്കയില്ല. ഹെൻറിച് ക്ലാസൻ, എയ്ഡൻ മാർക്രം, അഭിഷക് ശർമ്മ എന്നിവർക്കൊപ്പം തകർത്തടിക്കാൻ പുതിയ കണ്ടെത്തലായ നിതീഷ് റെഡ്ഡിയുമുണ്ട്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഭുവനേശ്വർ കുമാർ, നടരാജൻ എന്നിവരുൾപ്പെട്ട പേസർമാരും ഭേദപ്പെട്ട് പന്തെറിയുമ്പോൾ മികച്ച സ്പിന്നർമാരുടെ അഭാവം ഹൈദരാബാദിനെ അലട്ടുന്നുണ്ട്. ഇരുടീമും ഇതുവരെ 23 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ പന്ത്രണ്ടിൽ ഹൈദരാബാദും പത്തിൽ ബംഗലൂരുവും ജയിച്ചു. ഒരുകളി ഫലമില്ലാതെ ഉപേക്ഷിച്ചു.
Last Updated Apr 15, 2024, 4:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]