
ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വെളിപ്പെടുത്താതെ ഇടയ്ക്കിടെ യാത്ര ചെയ്യുകയാണെന്ന ആരോപണവുമായി ബിജെപി. വെളിപ്പെടുത്താത്ത ഇത്തരം യാത്രകൾ പ്രതിപക്ഷ നേതാവിന് യോജിച്ചതല്ലെന്നും ദേശീയ സുരക്ഷക്ക് ആശങ്കയാണെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു. വിയറ്റ്നാമിൽ പുതുവത്സരം, വിയറ്റ്നാമിൽ ഹോളി. അദ്ദേഹം വിയറ്റ്നാമിൽ 22 ദിവസം സമയം നൽകിയതായി വിവരം ലഭിച്ചു. സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ പോലും അദ്ദേഹം ഇത്രയും സമയം ചെലവഴിച്ചിട്ടില്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ സ്ഥിരമായ വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ബിജെപി ദേശീയ ഐടി സെൽ തലവൻ അമിത് മാളവ്യ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി നിർണായക സ്ഥാനം വഹിക്കുന്നയാളാണ്.അദ്ദേഹത്തിന്റെ നിരവധി രഹസ്യ വിദേശ യാത്രകൾ ദേശീയ സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും മാളവ്യ പറഞ്ഞു.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടയിലും മൻമോഹൻ സിങ്ങിന്റെ ഏഴ് ദിവസത്തെ ദുഃഖാചരണ വേളയിലും രാഹുൽ വിദേശത്തായിരുന്നുവെന്നും ബിജെപി ആരോപിച്ചു. അതേസമയം, രാഹുലിന്റെ വിയറ്റ്നാം സന്ദർശനത്തെ കോൺഗ്രസ് ന്യായീകരിച്ചു. വിയറ്റ്നാമിന്റെ സാമ്പത്തിക മാതൃക പഠിക്കാനാണ് രാഹുൽ രാജ്യം സന്ദർശിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]