
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്.
അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്.
നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് ഇതെന്നാണ് വിവരം. അനുവിന്റെ മരണവുമായി നേരിട്ടോ അല്ലാതെയോ ഇയാള്‍ക്ക് ബന്ധമുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.
തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്.
അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 16, 2024, 5:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]