
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വസതിയില്‍ വീണതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി ടിഎംസി നേതാവും മന്ത്രിയുമായ ശശി പഞ്ച. പിന്നില്‍ നിന്നുള്ള തള്ളലിലാണ് വീണതെന്ന പ്രചരണങ്ങള്‍ തള്ളി കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
‘മമത ബാനര്‍ജിക്ക് ചെറുതായി തലകറക്കം അനുഭവപ്പെട്ടു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഈ വീഴ്ചയിലാണ് പരുക്കേറ്റത്. ആരും മമതയെ പിന്നില്‍ നിന്ന് തള്ളിയിട്ടില്ല. മുതിര്‍ന്ന ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. സുഖപ്രദമായി വരുന്നുണ്ട്.’ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും ശശി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം കൊല്‍ക്കത്തയിലെ കാളിഘട്ടിലെ വസതിയില്‍ വീണതിനെ തുടര്‍ന്ന് 69 കാരിയായ മമതയുടെ നെറ്റിയിലും മൂക്കിലുമാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. ചികിത്സക്ക് ശേഷം അന്ന് രാത്രി തന്നെ മമത ആശുപത്രി വിട്ടിരുന്നു.
മമതയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും വസതിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മമത ബാനര്‍ജി കുഴഞ്ഞ് വീണത് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്നാണെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീഴ്ചയില്‍ മമതയ്ക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു. ആഴത്തില്‍ മുറിവുണ്ടെങ്കിലും ആന്തരികമായി പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
Last Updated Mar 16, 2024, 5:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]