
മുംബൈ: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യയുടെ റിസര്‍വ് താരമായ യശസ്വി ജയ്സ്വാളിന് പരിക്ക്. ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡിവുണ്ടായിരുന്ന ജയ്സ്വാളിനെ വരുണ്‍ ചക്രവര്‍ത്തിയെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒഴിവാക്കിയിരുന്നു. എങ്കിലും റിസര്‍വ് താരമായി നിലനിര്‍ത്തിയിരുന്നു.
ചാമ്പ്യൻസ് ട്രോഫി ടീമിലുള്ള ഏതെങ്കിലും ബാറ്റര്‍ക്ക് പരിക്കേറ്റാല്‍ ടീമിലുള്പ്പെടുത്താനായാണ് 23കാരനായ യശസ്വിയെ നോൺ ട്രാവലിംഗ് റിസര്‍വ് താരമായി നിലനിര്‍ത്തിയത്. യശസ്വിക്ക് പുറമെ മുംബൈ താരമായ ശിവം ദുബെ പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെയാണ് ഇന്ത്യ റിസര്‍വ് താരങ്ങളായി നിര്‍ത്തിയിരിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ യശസ്വി ജയ്സ്വാള്‍ രഞ്ജി ട്രോഫി സെമി ഫൈനലില്‍ നാളെ വിദര്‍ഭക്കെതിരെ ഇറങ്ങുന്ന മുംബൈ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നിരുന്നു. പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റ യശസ്വിക്ക് നാളെ തുടങ്ങുന്ന രഞ്ജി സെമി ഫൈനലില്‍ മുംബൈക്കായി ഇറങ്ങാനാവില്ല. പരിക്ക് സാരമുള്ളതാണോ എന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനകളില്‍ മാത്രമെ വ്യക്തമാവു.
യശസ്വി വൈകാതെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഐപിഎല്ലില്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ കൂടിയാണ് യശസ്വി. യശസ്വിയില്ലെങ്കിലും അജിങ്ക്യാ രഹാനെ നയിക്കുന്ന മുംബൈ ടീമില്‍ ഇന്ത്യൻ താരങ്ങളായ ശിവം ദുബെയും സൂര്യകുമാര്‍ യാദവും നാളെ കളിക്കുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്ന യശസ്വി വിരാട് കോലിയുടെ അഭാവത്തില്‍ നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അരേങ്ങേറിയെങ്കിലും 22 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു. വിരാട് കോലി തിരിച്ചെത്തിയതോടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള പ്ലേയിംഗ് ഇലവനില്‍ യശസ്വിക്ക് ഇടം ലഭിച്ചിരുന്നില്ല. പിന്നാലെയാണ് വരുണ്‍ ചക്രവര്‍ത്തിക്ക് പകരം യശസ്വിയെ ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയിരുന്നു യശസ്വി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]