
പാലക്കാട്: ജില്ലാ ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നഴ്സുമാരുടെ ചെയ്ഞ്ചിംഗ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപടർന്നത്. സമീപത്തെ വനിതാ വാർഡുകളിലുണ്ടായിരുന്ന രോഗികളെ ഉൾപ്പെടെ വളരെ പെട്ടന്നുതന്നെ മാറ്റിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
മുറിയിൽ നിന്ന് തീ ആളിപ്പടരുകയും കറുത്ത പുക ഉയരുകയും ചെയ്തോടെ രോഗികളും കൂട്ടിരിപ്പുകാരും ആകെ പരിഭ്രാന്തരായി. അപകടസമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഞെട്ടിയുണർന്ന പലർക്കും എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം വ്യക്തമായില്ല. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടെ ചേർന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.
തീപടർന്ന മുറിയോട് ചേർന്ന് മെഡിക്കൽ ഐ സിയുവും, മുകളിലെ നിലയിൽ സർജിക്കൽ ഐ സിയുവുമാണ്. പുക പടർന്നതോടെ ഐസിയുവിൽ നിന്നും വാർഡിൽ നിന്നും രോഗികളെ പൂർണമായും ഒഴിപ്പിച്ചു. നൂറോളം കിടപ്പുരോഗികളെയാണ് വാർഡിൽ നിന്ന് ഒഴിപ്പിച്ചത്.
തീപടർന്ന ഉടനെ ഫയർഫോഴ്സ് സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളിൽ തീ പൂർണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നരയോടെ തീ പൂർണമായും അണച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിന് കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മരുന്നുകളും മറ്റ് വസ്തുക്കളും കത്തിപ്പോയതിനാൽ കാര്യമായ നഷ്ടം ഉണ്ടായതാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]