
മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളോളമില്ലെങ്കിലും മലയാള സിനിമയുടെ മാര്‍ക്കറ്റും വളര്‍ച്ചയുടെ പാതയിലാണ്. ഒടിടിയുടെ കടന്നുവരവാണ് അതിനൊരു പ്രധാന കാരണം. ഭാഷയുടെ എല്ലാ അതിര്‍വരമ്പുകളും മറികടന്ന് വിദേശ മാധ്യമങ്ങളില്‍ വരെ സമീപകാലത്ത് മലയാള സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്. തിയറ്റര്‍ റിലീസിലും മലയാള സിനിമ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. പുതിയ സൂപ്പര്‍താര ചിത്രങ്ങളൊക്കെയും വിദേശത്തും മികച്ച സ്ക്രീന്‍ കൗണ്ട് നേടുന്നുണ്ട്. മികച്ച സ്ക്രീന്‍ കൗണ്ടുമായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയിരിക്കുന്നത് മമ്മൂട്ടി നായകനായ ഭ്രമയുഗം ആണ്. സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടി നേടുന്ന ചിത്രത്തെ പ്രശംസിച്ച് പ്രശസ്തരും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത തമിഴ് സംവിധായകന് വസന്തബാലന് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“ബിഗ് സ്ക്രീനിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും.. അപ്പാ. കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ. ഒരു വീട്, മൂന്ന് കഥാപാത്രങ്ങള്‍, ആ സംഗീതം. രണ്ട് മണിക്കൂറിലധികം തിയറ്ററില്‍ ആഴങ്ങളിലേക്ക് നമ്മള് പോകുന്നു”, വസന്തബാലന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വെയില്, അങ്ങാടി തെരു, കാവ്യ തലൈവന്, അനീതി തുടങ്ങിയവയാണ് വസന്തബാലന്റെ സിനിമകള്‍.
അതേസമയം ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഭൂതകാലം എന്ന ചിത്രത്തിലൂചെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവന് ആണ് സംവിധായകന്. അര്ജുന് അശോകന്, സിദ്ധാര്‍ഥ് ഭരതന്, അമാല്‍ഡ ലിസ്, മണികണ്ഠന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രമയുഗം.
Last Updated Feb 15, 2024, 8:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]