തൃശൂർ : ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാല് പേർക്ക് ദാരുണാന്ത്യം. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47) , ഭാര്യ ഷാഹിന (35), മകൾ സെറ (10), ഷാഹിനയുടെ സഹോദരീ പുത്രൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവ. ഒഴുക്കിൽപ്പെട്ട ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഫുവാദിന്റെയും അതിന് ശേഷം കബീറിന്റെയും മൃതദേഹം കണ്ടെത്തിയത്. പിന്നാലെ രാത്രി 8.15ഓടെ സെറയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫർ – ഷഫാന ദമ്പതികളുടെ മകനാണ്. പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ്. ഭാരതപ്പുഴയുടെ പൈങ്കുളം ശ്മശാനം കടവിനോട് ചേർന്നുള്ള തീരത്ത് കളിക്കുന്നതിനിടെ സെറയും ഫുവാദും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.