തിരുവനന്തപുരം:ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും.മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്.
അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീർ മുമ്പാകെ മൂന്ന് ദിവസങ്ങളായി അന്തിമ വാദം നടന്നു. . ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ വാദിച്ചു . ഒന്നാം പ്രതി ഗ്രീഷ്മ, രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു,മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായർ എന്നിവർതെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വാദിച്ചു . എന്നാൽ,. ആത്മഹത്യാ പ്രവണതയുള്ള ഒന്നാം പ്രതി ആത്മഹത്യ ചെയ്യാനാണ് വിഷം നിർമ്മിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. മുഖം കഴുകാനായി ബാത് റൂമിൽ കയറിയ സമയത്ത് ഷാരോൺ കഷായം കുടിച്ച ശേഷം വീട്ടിൽ നിന്നും പോയെന്നും വാദിച്ചു. ,.2022 ഒക്ടോബർ 14 ന് കാമുകനായ ഷാരോൺ രാജിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയെന്നാണ് കേസ്.
സാഹചര്യത്തെളിവുകളും ഡിജിറ്റൽ രേഖകളും ആശ്രയിച്ചുള്ള അന്വേഷണ മികവാണ് കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്. 95 സാക്ഷികൾ,323 രേഖകൾ 53 തൊണ്ടിമുതലുകൾ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തെളിവുകൾ എല്ലാം ശേഖരിച്ചശേഷം തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ ഓരോ ഉത്തരവും ഖണ്ഡിക്കുന്ന തെളിവുകൾ സഹിതമായിരുന്നു ചോദ്യംചെയ്യൽ.
പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഇന്റർനെറ്റിൽ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യശ്രമമായി മാംഗോ ജ്യൂസിൽ 50 ഡോളോ ഗുളികകൾ കലർത്തി ഷാരോണിന് നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞു. പിന്നീട് കുഴിത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ചെന്ന പേരിലും ഗുളിക കലർത്തിയ മാംഗോ ജ്യൂസ് നൽകി. ഈ രണ്ടുശ്രമവും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകിയത്.
മരിക്കുന്നതിനു മുമ്പ് ഷാരോൺ നൽകിയ മരണമൊഴി വഴിത്തിരിവായി. 2022 ഒക്ടോബർ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേന്റെ നിർദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കൽ കോളേജിൽ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നൽകിയ ഒരു ഗ്ളാസ് കഷായമാണ് താൻ കുടിച്ചതെന്നായിരുന്നു മരണമൊഴി. വിഷം കലർത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിലും തെളിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ,ഇ.എൻ.ടി, റെസ്പിറേറ്ററി,എമർജൻസി ഐ.സി.യു,വൃക്കരോഗവിഭാഗം മേധാവിമാരും ടോക്സികോളജി വിദഗ്ദ്ധൻ വി.വി.പിള്ളയും ഷാരോൺ കുടിച്ച വിഷം ’പാരക്വറ്റ്” എന്ന കളനാശിനി ആണെന്ന തെളിവുനൽകി. പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകൾ കോടതിയിൽ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]