പാലക്കാട്: കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ വൻ അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസ്റ്റിലറി തുടങ്ങാൻ പ്രസ്തുത കമ്പനിയെ തെരഞ്ഞടുത്തതിനു പിന്നിലുള്ള മാനദണ്ഡം വ്യക്തമാക്കണം. ടെണ്ടർ ക്ഷണിച്ചിട്ടാണോ ഈ കമ്പനിയെ തെരഞ്ഞെടുത്തത് എന്നത് സർക്കാർ ജനങ്ങളോട് വെളിപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അതീവ വരൾച്ചാ സാധ്യതയുള്ള സ്ഥലമായ പാലക്കാട് പ്രതിവർഷം അഞ്ച് കോടി ലിറ്റർ ഭൂഗർഭജലം ഉപയോഗിക്കേണ്ടി വരുന്ന പ്ലാന്റുകൾ സ്ഥാപിച്ച് ഡിസ്റ്റലിലറി തുടങ്ങാൻ അനുമതി കൊടുത്തത് എന്ത് പാരിസ്ഥിതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതു സംബന്ധിച്ച് എന്തെങ്കിലും ശാസ്ത്രീയ പഠനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കണം. പുതുശേരി പഞ്ചായത്തിന്റെ അനുമതി ഇക്കാര്യത്തിൽ ലഭ്യമാക്കിയിട്ടുണ്ടോ? കഴിഞ്ഞ തവണ ബ്രുവറിക്ക് അനുമതി കൊടുത്തപ്പോൾ ജനങ്ങൾ പ്രതിഷേധിച്ച സ്ഥലത്തു തന്നെയാണ് ഇപ്പോഴും അനുമതി നൽകിയിരിക്കുന്നത്. പണ്ട് പ്ലാച്ചിമട കോള സമരത്തിന് പിന്തുണ നൽകിയ പാർട്ടിയാണ് ഇന്ന് വൻതോതിൽ ഭൂഗർഭജലം ചൂഷണം ചെയ്യാനുള്ള ജനവിരുദ്ധ പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
ഇതിനു പിന്നിൽ വൻ അഴിമതിയാണ്. 2018 ൽ പ്രളയ സമയത്ത് ചില സ്വകാര്യ കമ്പനികൾക്ക് സംസ്ഥാനത്ത് ഡിസ്റ്റലറികൾ ആരംഭിക്കാൻ സർക്കാർ സഹായം ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടർന്ന് ആ നീക്കം പാളിപ്പോയതാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പറഞ്ഞത് നനയാതെ വിഴുപ്പു ചുമക്കുന്നു എന്നാണ്. ഇപ്പോൾ വിഴുപ്പു ചുമക്കുന്നതു നനഞ്ഞുകൊണ്ടാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ ഇടപാടിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ട്.
2022 ലും സ്വകാര്യ ഡിസ്റ്റിലറികൾക്കു വേണ്ടി സർക്കാർ നീക്കം നടത്തിയതാണ്. അന്നും പ്രതിപക്ഷത്തിന്റെ എതിർപ്പു മൂലം നടന്നില്ല.
2018 ലെ ബ്രൂവറി/ഡിസ്റ്റിലറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് നാളിതുവരെയായി പുറത്തുവിട്ടിട്ടില്ല. അതിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്. പുതിയ ഡിസ്റ്റിലറികൾ സംസ്ഥാനത്ത് തുടങ്ങാൻ പാടില്ല എന്നു ആ റിപ്പോർട്ട് നിർദേശിക്കുന്നതു കൊണ്ടാണ് ഇതുവരെ അത് വെളിച്ചം കാണിക്കാത്തത്. അത് പുറത്തു വിടണം.
മാത്രമല്ല, പുതുതായി ഡിസ്റ്റലറികൾ തുടങ്ങുന്നതിനെതിരെ 1999 ൽ ഒരു എക്സിക്യുട്ടീവ് ഓർഡറും പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ പഠനങ്ങളെയും ശുപാർശകളെയും മറി കടന്ന് മന്ത്രിസഭ ഇത്തരത്തിൽ അനുമതി നൽകിയതിനു പിന്നിൽ വൻ അഴിമതിയല്ലാതെ മറ്റൊന്നുമല്ല. ഇത് സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണ്. രഹസ്യമായി മന്ത്രിസഭായോഗത്തിൽ വിഷയം കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. എക്സൈസ് മന്ത്രി ഈ വിഷയത്തിൽ മറുപടി പറയണം. ഘടകകക്ഷികൾ അവരുടെ നിലപാട് വ്യക്തമാക്കണം. അടിയന്തിരമായി ഈ മന്ത്രിസഭാതീരുമാനം പിൻവലിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.