ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മിഷൻ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബഡ്ജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് നിർണായക തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഏഴാം ശമ്പളകമ്മീഷൻ ശുപാർശകൾ ഇതിനകം കേന്ദ്രം നടപ്പാക്കിക്കഴിഞ്ഞു.
ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവയിൽ വൻ പരിഷ്കരണം ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷൻ രൂപീകരിക്കുന്നത്. പുതിയ കമ്മിഷനിൽ ആരൊക്കെയായിരിക്കും അംഗങ്ങളെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാർ പിന്നീട് അറിയിക്കുമെന്നാണ് അശ്വിനി വൈഷ്ണവ് പറയുന്നത്.
ഒരുകോടിയിലധികം വരുന്ന ജീവനക്കാരും പെൻഷൻ കാരും ശമ്പളകമ്മീഷൻ രൂപീകരണം സംബന്ധിച്ച് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആയി ക്രമീകരിക്കുകയാണെങ്കിൽ, നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപ 51,480 രൂപയായി ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പെൻഷനിലും ഇത് വൻ മാറ്റങ്ങൾക്ക് ഇടയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ഡൽഹി നിയമസഭ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിടുക്കത്തിൽ ശമ്പള കമ്മിഷൻ രൂപീകരണത്തിന് അനുമതി കൊടുത്തതെന്ന് ആരോപണം ഉയരുന്നുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരായ പതിനായിരങ്ങളാണ് ഡൽഹിയിലുള്ളത്. ഇവരുടെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കുക എന്നതും കേന്ദ്രത്തിന്റെ നീക്കത്തിന് പിന്നിലുണ്ടെന്നാണ് പ്രതിപക്ഷം ഉൾപ്പെടെ ആരോപിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ചില സർവേകൾ അനുസരിച്ചാണെങ്കിൽ നിലവിലെ ഭരണകക്ഷിയായ ആ ആദ്മി പാർട്ടിയുടെ നില അത്ര ആശാവഹമല്ല.