ബംഗളൂരു: ആരാധനാലയങ്ങളിൽ എത്തിയാൽ പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും. ചിലർ പരീക്ഷയ്ക്ക് വിജയിക്കാനായിരിക്കും പ്രാർത്ഥിക്കുന്നത്. എന്നാൽ മറ്റു ചിലരാകട്ടെ നല്ലൊരു ജോലി കിട്ടാനായിരിക്കും പ്രാർത്ഥിക്കുന്നത്. എന്നാൽ കർണാടകയിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിൽ എത്തിയ ഒരാൾ പ്രാർത്ഥിച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരി പടർത്തിയിരിക്കുന്നത്.
സാധാരണ ഈ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ അവരുടെ ആഗ്രഹങ്ങൾ എഴുതിയ ചെറിയ കുറിപ്പുകൾ ഭണ്ഡാരത്തിൽ ഇടാറുണ്ട്. അടുത്തിടെയാണ് ക്ഷേത്രത്തിലെ ജീവനക്കാർ ഭണ്ഡാരം തുറന്ന് പണത്തിന്റെ കണക്കെടുത്തത്. ഇതിനിടയിൽ ഒരു ഇരുപത് രൂപ നോട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആ നോട്ടിൽ എഴുതിയിരുന്നത് കണ്ട് ക്ഷേത്രത്തിലുളളവർ അതിശയിച്ച് പോകുകയായിരുന്നു. ‘എത്രയും വേഗം അമ്മായി അമ്മ മരിക്കണം’ എന്നായിരുന്നു നോട്ടിൽ കുറിച്ചിരുന്നത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല.
നോട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ നോട്ടിലെ കുറിപ്പിന്റെ സത്യാവസ്ഥയെക്കുറിച്ച് ചോദിക്കുന്നുണ്ട്. മറ്റു ചിലരാകട്ടെ ഇത് സത്യമാണെന്നും പറയുന്നു. അതേസമയം, ക്ഷേത്രത്തിൽ വർഷം തോറും ഭണ്ഡാരം തുറന്ന് കാണിക്കകളുടെ കണക്കെടുക്കുമെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്. ഇത്തവണ 60 ലക്ഷം രൂപയും ഒരു കിലോഗ്രാം വെളളി ആഭരണങ്ങളുമാണ് ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]