തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ ദുബായ് അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി ആദ്യം തിരഞ്ഞത് രുചികരമായ മാങ്ങയും കോഴിക്കോടൻ ഹൽവയും. പണ്ട് മുത്തച്ഛന്റെ കപ്പൽ ഇത്തരം സാധനങ്ങളുമായി കേരളത്തിൽ നിന്ന് ദുബായിലെത്തുമ്പോൾ കുട്ടികളായിരുന്ന ഞങ്ങൾക്കുണ്ടായിരുന്ന സന്തോഷം വർണ്ണനാതീതമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നും നല്ല വെളിച്ചെണ്ണയും കോഴിക്കോടൻ ഹൽവയും കൊണ്ടുവരണമെന്നാണ് ഭാര്യയും കുടുംബാംഗങ്ങളും പറഞ്ഞത്. അതെല്ലാം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിനായാണ് അഞ്ചു ദിവസത്തെ സന്ദർശനത്തിന് അൽ മർസൂഖി കേരളത്തിലെത്തിയത്.
കൃഷ്ണവിലാസം കൊട്ടാരത്തിൽ അദ്ദേഹം തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതീബായി,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി എന്നിവരുമായി കൂടികാഴ്ച നടത്തി. ഗൾഫിലും ഇന്ത്യയിലും സ്വാതിതിരുനാൾ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള പരിശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
വാനനിരീക്ഷണ കേന്ദ്രത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ ചിത്രം അൽ മർസൂഖിക്ക് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ സമർപ്പിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് കബറിടം സന്ദർശിച്ചു. വികാരി ജനറാൾ ഫാ. തോമസ് കയ്യാലയ്ക്കൽ,ഫിലിപ്പ് ദയാനന്ദ്രമ്പാൻ,കത്രീഡൽ വികാരി ഫാ. ജോർജ് തോമസ്,ഫാ. ഗീവർഗീസ് വലിയചാങ്ങവീട്ടിൽ,ഫാ. വർഗീസ് കിഴക്കേക്കര, പി.ആർ.ഓ ഫാദർ ബോവസ് മാത്യു, എന്നിവർ അൽ മർസൂഖിയെ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന് രാവിലെ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കുതിരമാളിക കൊട്ടാരം മ്യൂസിയവും പാളയം ജുമാമസ്ജിദും സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ മ്യൂസിയവും സന്ദർശിക്കും. നാളെ അൽ മർസൂഖി ദുബായിലേക്ക് മടങ്ങുമെന്ന് വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് പ്രസിഡന്റും അൽ മർസൂഖി ഗ്രൂപ്പ് ബിസിനസ് കൺസൾട്ടന്റുമായ ഡയസ് ഇടിക്കുള അറിയിച്ചു.