തിരുവനന്തപുരം: തായ്ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും ലണ്ടനിലെ ഹീത്രുവിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങുന്നു. എയർഏഷ്യയാണ് ബാങ്കോക്ക് സർവീസിനായി രംഗത്തുള്ളത്. ഇതോടെ തായ്ലാൻഡിലേക്കുള്ള സഞ്ചാരികൾക്ക് നേരിട്ടുള്ള സർവീസ് ലഭ്യമാവും.
അദാനിയുടെ നടത്തിപ്പിലുള്ള ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസിന് ബാങ്കോക്കിലേക്ക് സർവീസുണ്ട്. അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സർവീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓർഡർ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് എയർഇന്ത്യ എക്സ്പ്രസ് ബാങ്കോക്ക് സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്.
നേരിട്ടുള്ള സർവീസുകൾ വരുന്നതോടെ തായ്ലാൻഡിലേക്ക് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടും. അടുത്ത വേനൽക്കാല സീസണിൽ എയർഏഷ്യ തിരുവനന്തപുരം- ബാങ്കോക്ക് സർവീസ് പ്രഖ്യാപിച്ചേക്കും. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയർഇന്ത്യയുടെ സർവീസിനായും നടപടി പുരോഗമിക്കുകയാണ്. യുകെയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രുവിലേക്ക് നേരിട്ടുള്ള സർവീസിനാണ് അനുമതി തേടിയത്.ഹീത്രു സർവീസ് വരുന്നതോടെ ലണ്ടനിൽ പഠനത്തിനും ജോലിക്കുമായി പോകുന്ന മലയാളികൾക്ക് നാട്ടിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യമൊരുങ്ങും. വേനൽക്കാല ഷെഡ്യൂളിൽ ഹീത്രു സർവീസ് പ്രഖ്യാപിക്കാനിടയുണ്ടെന്ന് വിമാനത്താവള അധികൃതർ ‘കേരളകൗമുദി’യോട് പറഞ്ഞു.
ആസ്ട്രേലിയ,ന്യൂസിലാൻഡ്,തായ്ലാൻഡ്,ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കായി മലേഷ്യയിലേക്ക് രണ്ട് വിമാനക്കമ്പനികൾ തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നുണ്ട്.മലേഷ്യൻ എയർലൈൻസ്,എയർഏഷ്യ എന്നിവയ്ക്കാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് സർവീസുള്ളത്. കൊച്ചിയിലേക്കാൾ കുറഞ്ഞ നിരക്കിലാണ് മിക്കപ്പോഴും ഈ സർവീസുകൾ.തിരുവനന്തപുരത്ത് ഏറ്റവും യാത്രക്കാരുള്ളത് എയർഇന്ത്യ എക്സ്പ്രസ്,ഇൻഡിഗോ,എയർഅറേബ്യ വിമാനക്കമ്പനികൾക്കാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
100 സർവീസുകൾ ദിവസേന
പ്രതിദിനം ശരാശരി നൂറുസർവീസുകളിലായി 15000ത്തിലേറെ യാത്രക്കാരാണുള്ളത്. 11ഇന്ത്യൻ നഗരങ്ങളിലേക്കും 14വിദേശ നഗരങ്ങളിലേക്കും സർവീസുണ്ട്.
കഴിഞ്ഞവർഷം എയർ ട്രാഫിക് മൂവ്മെന്റുകൾ 32324ആയിരുന്നു.മുൻവർഷത്തേക്കാൾ 14.19% അധികമാണിത്.
അബുദാബി,ഷാർജ, ദുബായ്,ബംഗളുരു,ചെന്നൈ,ഡൽഹി എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരേറെയും
2024ൽ ആഭ്യന്തര യാത്രക്കാർ- 26.4 ലക്ഷം,അന്താരാഷ്ട്ര യാത്രക്കാർ- 22.7 ലക്ഷം എന്നിങ്ങനെയാണ്.