
ബംഗളൂരു: ഇന്ത്യ – അഫ്ഗാനിസ്ഥാന് അവസാന ടി20 നാളെ നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ് നാളെ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് ടി20കളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവസരം ലഭിക്കാത്തവര്‍ നാളെ കളിച്ചേക്കും. സഞ്ജുവിന് ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജു നാളെ വിക്കറ്റ് കീപ്പറായേക്കും. സഞ്ജുവിന് പകരം കളിച്ച ജിതേഷ് ശര്‍മ രണ്ടാം ടി20യില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതും സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന ടി20 മത്സരം എന്ന നിലയില്‍ നില്‍ക്കെ സഞ്ജുവിന് കരുത്ത് തെളിയിക്കേണ്ടതുണ്ട്.
ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി തുടരും. കൂടെ യഷസ്വി ജെയ്സ്വാളും. മൂന്നാന് വിരാട് കോലിയെന്നുള്ളതില്‍ സംശയമില്ല. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ ടി20 കളിച്ച കോലി 29 റണ്‍സെടുത്തിരുന്നു. നാലാമനായി ശിവം ദുബെയും ടീമിലെത്തും. പിന്നീട് സഞ്ജുവും കളിക്കും. പിന്നാലെ റിങ്കു സിംഗും. ആദ്യ മത്സരത്തില്‍ അവസരം ലഭിച്ച തിലക് വര്‍മ പുറത്തിരിക്കേണ്ടിവരും. അക്സര്‍ പട്ടേലിനും സ്ഥാനമുറപ്പാണ്. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദറിനേയും മാറ്റാന്‍ ഇടയില്ല. എന്നാല്‍ രവി ബിഷ്ണോയിക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്താന്‍ സാധ്യത കൂടുതലാണ്. മുകേഷ് കുമാറിന് പകരം ആവേഷ് ഖാന് ടീമിലെത്തിയേക്കും. മറ്റൊരു പേസര്‍ അര്‍ഷ്ദീപ് സിംഗും ടീമിലുണ്ടാവും.
ഇന്ത്യയുടെ സാധ്യതാ ഇലവന്: യഷസ്വി ജെയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്.
ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന് 172 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
Last Updated Jan 16, 2024, 10:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]