
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് കടന്നുകളഞ്ഞ ലഹരിക്കേസ് കുറ്റവാളി സംസ്ഥാനം വിട്ടെന്ന് സൂചന. ഹർഷാദിന്റെ തടവുചാട്ടം ആസൂത്രണം ചെയ്തത് ലഹരിക്കടത്ത് സംഘമെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. തടവുകാരൻ ചാടിപ്പോയി ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല. ലഹരിക്കേസിൽ പത്ത് വർഷം ശിക്ഷിക്കപ്പെട്ട ഹർഷാദ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കടന്നുകളയാൻ ഹർഷാദിന് എല്ലാ സഹായവും ചെയ്തത് ലഹരിക്കടത്ത് സംഘമെന്നാണ് പൊലീസിന്റെ നിഗമനം.
പത്രക്കെട്ടെടുക്കാൻ പതിവുപോലെ രാവിലെ തടവുകാരൻ എത്തിയപ്പോൾ ദേശീയ പാതയിൽ കാത്തിരുന്ന ബൈക്ക് എത്തി. ഇതിൽ കയറി ഹർഷാദും കൂടെയുളളയാളും ഓടിച്ചുപോയത് കക്കാട് ഭാഗത്തേക്കാണ്. പിന്നീട് വേഷം മാറി കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തും എത്തി. ബെംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കാണ് ഇവര് ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹർഷാദ് കർണാടകത്തിലേക്ക് കടന്നെന്നാണ് സംശയം. ഈ മാസം ഒൻപതിന് ജയിലിൽ ഹർഷാദിനെ കാണാനെത്തിയ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ആസൂത്രണത്തിൽ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. ഫോൺ വഴിയാണ് ജയിൽ ചാട്ടം പദ്ധതിയിട്ടതെന്നാണ് നിഗമനം. സുരക്ഷാ വീഴ്ചയിൽ ജയിൽ ഡിജിപി റിപ്പോർട്ട് തേടി. സുരക്ഷാ ജീവനക്കാരൻ കൂടെയില്ലാതെയാണ് പ്രധാന ഗേറ്റിനടുത്ത് പത്രക്കെട്ട് എടുക്കാൻ തടവുകാരൻ എത്തിയതെന്നാണ് കണ്ടെത്തൽ.
Last Updated Jan 15, 2024, 5:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]