
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. കണങ്കാലിന് പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ സംഘം നാളെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കുകയാണ്. രോഹിത്തിന് പുറമെ വിരാട് കോലി, പേസര്‍ ജസ്പ്രീത് ബുമ്ര, ആര് അശ്വിന് എന്നിവര്‍ക്കൊപ്പം ഷമി പോകില്ലെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
ഷമിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കൂവെന്ന് ടീം സെലക്ഷന് സമയത്ത് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ലോകകപ്പില്‍ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഷമി കണങ്കാലിനേറ്റ പരിക്കുവെച്ചാണ് പന്തെറിഞ്ഞതെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഷമി കളിക്കില്ലെന്ന് ഉറപ്പായെങ്കിലും പകരക്കാരനെ സെലക്ടര്‍മാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കയിലേക്ക് ഏകദിന, ടി20, ടെസ്റ്റ് പരമ്പരകള്‍ക്കായി വ്യത്യസ്ത ടീമുകളെയാണ് ഇത്തവണ അയച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഏകദിന, ടി20 ടീമുകളിലെ പേസര്‍മാരില്‍ നിന്ന് തന്നെ ഷമിയുടെ പകരക്കാരനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 26നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. ഷമിക്ക് പകരം പേസര്‍ ആവേശ് ഖാനോ അര്‍ഷ്ദീപ് സിങോ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, പ്രസീദ്ധ് കൃഷ്ണ.
Last Updated Dec 14, 2023, 6:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]