
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ – എട്ടു വർഷം നീണ്ട ഇടവേളക്കു ശേഷം ഇറാനിൽ നിന്നുള്ള ഉംറ തീർഥാടകർ അടുത്ത ചൊവ്വാഴ്ച മുതൽ പുണ്യഭൂമിയിൽ എത്തിത്തുടങ്ങുമെന്ന് ഇറാൻ ഹജ് ആന്റ് പിൽഗ്രിമേജ് ഓർഗനൈസേഷൻ മേധാവി അബ്ബാസ് ഹുസൈനി അറിയിച്ചു. സൗദി ഹജ്, ഉംറ മന്ത്രാലയവുമായി കൂടിയാലോചനകളും ഏകോപനവും നടത്തുകയും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെക്കുകയും ചെയ്താണ് ഇറാനിൽ നിന്നുള്ള ഉംറ തീർഥാടന യാത്ര പുനരാരംഭിക്കുന്നത്. 550 പേർ അടങ്ങിയ ആദ്യ തീർഥാടക സംഘം ഡിസംബർ 19 ന് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കും. ഇറാൻ തീർഥാടകർ പത്തു ദിവസമാണ് സൗദിയിൽ തങ്ങുക. ഇതിൽ അഞ്ചു ദിവസം മക്കയിലും അഞ്ചു ദിവസം മദീനയിലുമാണ് താമസിക്കുക.
ആദ്യ ഉംറ ഗ്രൂപ്പ് തെഹ്റാനിലെ ഇമാം ഖുമൈനി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് സൗദിയിലേക്ക് യാത്ര തിരിക്കുക. മശ്ഹദ്, തബ്രീസ്, ഇസ്ഫഹാൻ, യസ്ദ്, കെർമാൻ, അഹ്വാസ്, ശീറാസ്, സാരി, സഹദാൻ എന്നീ നഗരങ്ങളിലെ എയർപോർട്ടുകളിൽ നിന്നും പിന്നീട് ഉംറ സർവീസുകൾ നടത്തും. ഈ വർഷത്തെ ഉംറ സീസണിൽ ഇറാനിൽ നിന്ന് 70,000 പേർ തീർഥാടന കർമം നിർവഹിക്കും. ഫെബ്രുവരി 29 വരെ ഇറാനിൽ നിന്നുള്ള ഉംറ തീർഥാടന യാത്രകൾ തുടരും. ഇറാനിൽ 57 ലക്ഷം പേർ ഉംറ തീർഥാടന കർമം നിർവഹിക്കാൻ ആഗ്രഹിച്ച് കാത്തുനിൽക്കുന്നുണ്ട്.
ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ സഹകരണം നൽകുന്ന പക്ഷം ഒരു വർഷം എട്ടു ലക്ഷം മുതൽ പത്തു ലക്ഷം വരെ ഉംറ തീർഥാടകരെ സൗദിയിലേക്ക് അയക്കാൻ ഹജ് ആന്റ് പിൽഗ്രിമേജ് ഓർഗനൈസേഷൻ തയാറാണെന്നും അബ്ബാസ് ഹുസൈനി പറഞ്ഞു. ഏഴു വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഇക്കഴിഞ്ഞ മാർച്ച് പത്തിന് ചൈനയുടെ മധ്യസ്ഥതയിൽ ബെയ്ജിംഗിൽ വെച്ച് സൗദി അറേബ്യയും ഇറാനും കരാർ ഒപ്പുവെക്കുകയായിരുന്നു. ഇറാനിലെ സൗദി എംബസിക്കും മശ്ഹദിലെ കോൺസുലേറ്റിനും നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് 2016 ൽ ആണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. ഇതിനും ഒരു വർഷം മുമ്പ് 2015 ൽ സൗദിയിലേക്ക് ഉംറ തീർഥാടകരെ അയക്കുന്നത് ഇറാൻ നിർത്തിവെച്ചിരുന്നു.