
.news-body p a {width: auto;float: none;} തളിപ്പറമ്പ: സി.ബി.ഐ ചമഞ്ഞ് പാളിയത്തുവളപ്പ് സ്വദേശിയുടെ മൂന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണി പൊലീസ് പിടിയിലായി.കോഴിക്കോട് താമരശേരി ഓമശേരി ഷഹാബ് മൻസിലിൽ എം.പി ഫഹ്മി ജവാദിനെ(22) ആണ് ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ വയനാട് വൈത്തിരിയിൽ വച്ച് അറസ്റ്റ് ചെയ്തത്. പാളിയത്തുവളപ്പ് സ്വദേശി കരോത്തുവളപ്പിൽ ഭാർഗവൻ (74) ആണ് തട്ടിപ്പിനിരയായത്.
സംഘം തട്ടിയെടുത്ത പണത്തിൽ 32 ലക്ഷം രൂപ കണ്ടെടുത്തു. കഴിഞ്ഞ സെപ്തംബർ 19 മുതൽ ഒക്ടോബർ മൂന്ന് വരെയുള്ള തീയതികളിലാണ് പണം തട്ടിയെടുത്തത്.
മുംബയ് ടെലികോം സർവീസിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാൾ ആദ്യം വീഡിയോകോളിൽ ബന്ധപ്പെട്ടു. ഗൾഫിലായിരുന്ന ഭാർഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം കാർഡ് എടുത്തിരുന്നുവെന്നും ആ നമ്പർ ഓൺലൈൻ നിക്ഷേപ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും തട്ടിപ്പിൽ കുടുങ്ങിയ ഒരു കുടുംബം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു.
പിന്നീട് മുംബയ് പൊലീസാണെന്നു പറഞ്ഞ് മറ്റൊരാൾ ഫോണിൽ ബന്ധപ്പെട്ടു. ഇതിന്റെ തൊട്ടുപിറകെ സി.ബി.ഐ ഓഫീസറാണെന്നു പറഞ്ഞ് മറ്റൊരാളും വിളിച്ചതോടെ ഭയന്നുപോയ ഭാർഗ്ഗവൻ, ഇവർ ആവശ്യപ്പെട്ടപ്രകാരം അക്കൗണ്ടുവിവരങ്ങൾ കൈമാറി.
പിന്നീട് ഭാർഗവനെ ഭീഷണിപ്പെടുത്തി ബാങ്കിലേക്ക് പറഞ്ഞയച്ച് അയാളുടെ അക്കൗണ്ടിൽ നിന്നും ഭാര്യയുടെ അക്കൗണ്ടിൽ നിന്നുമുള്ള പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. 3,15,50,000 രൂപയാണ് തട്ടിയെടുത്തത്.
ഇക്കാര്യം പുറത്തറിയിക്കരുതെന്നും പുറത്തറിയിച്ചാൽ വിദേശത്തുള്ള മകനെയടക്കം അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതിനാൽ വിവരം മറ്റൊരാളോടും പറഞ്ഞില്ല. പണം കൈമാറിയ ശേഷമാണ് തട്ടിപ്പാണെന്ന് ഭാർഗ്ഗവന് മനസിലായത്.
ഇതേത്തുടർന്ന് കഴിഞ്ഞ നാലിന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. കോടികളുടെ തട്ടിപ്പായതിനാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.പിടിയിലായ ഫഹ്മി ജവാദ് തട്ടിപ്പ് സംഘത്തിലെ ഇങ്ങേയറ്റത്തെ കണ്ണികളിൽ ഒരാളാണ്.
പശ്ചിമബംഗാളിലെ കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന അഫ്സാന ടൂർ ആൻഡ് ട്രാവൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏഴംഗസംഘമാണ് തട്ടിപ്പിന് പിറകിലെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ചിലർ കൊല്ലം ജില്ലക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പയ്യന്നൂരിലെ ടാക്സ് ഓഫീസർ എഗാർ വിൻസെന്റിൽ നിന്ന് സമാനരീതിയിൽ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും തെളിഞ്ഞിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]