
മലപ്പുറം: ടാപ്പിങിന് പോകുകയായിരുന്ന തൊഴിലാളിയെ കാട്ടാന അക്രമിച്ചു. തൊഴിലാളിയുടെ കാൽ ചവിട്ടിയൊടിച്ച ശേഷം തുമ്പിക്കൈകൊണ്ട് ചുഴറ്റിയെറിഞ്ഞു. സാരമായി പരിക്കേറ്റ മമ്പാട് പാലക്കടവിലെ ചേർപ്പ്കല്ലിൽ രാജനെ (50) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജന് ഡോക്ടർമാർ അഞ്ചു ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ പാലക്കടവ് കണക്കൻകടവ് പാതയിൽ ആർപിഎസിന് സമീപത്താണ് സംഭവം. താമസ സ്ഥലത്തു നിന്ന് തോട്ടത്തിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഇദ്ദേഹം കാട്ടാനയ്ക്കു മുൻപിൽ പെട്ടത്. റോഡിൽ നിൽക്കുകയായിരുന്നു കാട്ടാന. രാജൻ തലയിൽ ഹെഡ്ലൈറ്റ് കെട്ടിയിരുന്നു. കാട്ടാന ചീറിയടുത്തതിനാൽ ഇദ്ദേഹം തിരിഞ്ഞോടി. പിന്നാലെ കൂടിയ കാട്ടാന തുമ്പി കൈകൊണ്ട് പിടിച്ചു. കാലിനു ചവിട്ടി. ശേഷം ചുഴറ്റിയെറിയുകയായിരുന്നു. സമീപത്തെ വേലിയിൽ അവശനായി ചോര വാർന്നുകിടക്കുകയായിരുന്ന രാജനെ മറ്റു തൊഴിലാളികളെത്തിയാണ് രക്ഷപ്പെടുത്തിയത്. വനപാലകരും സ്ഥലത്തെത്തി.
ഇതിനിടെ ആന ജനവാസ മേഖലകളിൽ നിന്ന് കാട്ടിലേക്കു മടങ്ങി. ചവിട്ടേറ്റ രാജന്റെ ഇടതുകാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു ചൊവ്വാഴ്ച പുലർച്ചെ പാലക്കടവിലെ ജനവാസ മേഖലയിൽ കൃഷിനാശം വരുത്തിയാണ് ആന നിലയുറപ്പിച്ചത്. വാഴ നശിപ്പിക്കുന്നതിനിടെ വീട്ടുകാർ വെളിച്ചം തെളിച്ചു. ഇതോടെ ഇത് പാലക്കടവ് – കണക്കൻ കടവ് പാതയിലേക്കിറങ്ങി. ഇവിടെ വെച്ചാണ് രാജനു നേരെ ആക്രമണമുണ്ടായത്. ഈ പ്രദേശങ്ങളിൽ ഏതാനും വർഷങ്ങളായി കാട്ടാനശല്യം അതി രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രാജന് അടിയന്തര സഹായമായി വനം വകുപ്പ് 50,000 രൂപ അനുവദിച്ചിട്ടുണ്ട്.
Last Updated Nov 15, 2023, 2:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]