
പനാജി: വിമാനം ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങാതെ വന്നവഴി തിരിച്ചുപോയി. കാരണം ഒരു തെരുവുനായയാണ്. റൺവേയിൽ നായയെ കണ്ടതിനെ തുടര്‍ന്നാണ് വിമാനം യാത്ര തുടങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചുപോയത്.
ദബോലിം വിമാനത്താവളത്തിന്റെ റൺവേയിൽ നായയെ കണ്ടതിനാൽ അൽപ്പസമയം ആകാശത്ത് തുടരാന്‍ പൈലറ്റിന് നിര്‍ദേശം ലഭിച്ചു, എന്നാൽ ബെംഗളൂരുവിലേക്ക് മടങ്ങാൻ പൈലറ്റ് തീരുമാനിച്ചെന്ന് ഗോവ വിമാനത്താവളം ഡയറക്ടർ എസ് വി ടി ധനംജയ റാവു പറഞ്ഞു.
യുകെ 881 വിസ്താര വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ഗോവയിലേക്കായിരുന്നു യാത്ര. റണ്‍വേയില്‍ നായയെ കണ്ടതോടെ വിമാനം തിരിച്ച് ബെംഗളൂരുവിലേക്ക് തന്നെ പോയി. ശേഷം ബെംഗളൂരുവിൽ നിന്ന് വൈകിട്ട് 4.55ന് പുറപ്പെട്ട വിമാനം സന്ധ്യയ്ക്ക് 6.15ന് ഗോവയിലെത്തി. ഇത് സംബന്ധിച്ച അറിയിപ്പ് വിസ്താര സമൂഹ മാധ്യമമായ എക്സ് വഴി നല്‍കുകയും ചെയ്തു.
തെരുവ് നായ റൺവേയിൽ പ്രവേശിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഗ്രൗണ്ട് സ്റ്റാഫ് ഉടൻ തന്നെ നായയെ പുറത്താക്കി വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൌകര്യം ഒരുക്കാറുണ്ടെന്ന് ഗോവ വിമാനത്താവള അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് വിമാനത്താവള ഡയറക്ടര്‍ വ്യക്തമാക്കി. നാവിക സേനയുടെ ഐഎൻഎസ് ഹൻസ ബേസിന്റെ ഭാഗമാണ് ഗോവയിലെ ദബോലിം വിമാനത്താവളം.
Last Updated Nov 14, 2023, 3:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]