ചമ്പക്കുളം: എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിര്ദേശപ്രകാരം നടത്തിയ റേഞ്ച് തല കോമ്പിംഗിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിലായി. ചമ്പക്കുളത്ത് വീട്ടമ്മയെ പരിക്കേല്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെയാണ് പുളിങ്കുന്ന് പൊലീസ് സാഹസികമായി പിടികൂടിയത്.
തട്ടാശ്ശേരി ജങ്കാർ കടവിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പട്രോളിംഗ് സംഘം പിന്തുടരുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് പുഴയിലേക്ക് ചാടിയ പ്രതിയെ പുളിങ്കുന്ന് എസ്ഐ മാരായ സജികുമാർ, സെബാസ്റ്റ്യൻ, സി പി ഒ മാരായ നിഖിൽ, സിജിത്ത്, വിഷ്ണു, ചിപ്പി, സനീഷ്, ദിനു, ഉല്ലാസ് എന്നിവർ ചേർന്നാണ് കീഴ്പ്പെടുത്തിയത്.
നെടുമുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചമ്പക്കുളം കണ്ടങ്കരി ഭാഗത്ത് ഒക്ടോബർ 4ന് വീട്ടമ്മയെ ആക്രമിച്ചു പരിക്കേല്പിച്ച് സ്വർണ്ണമാല കവർച്ച നടത്തിയ കേസിലെ പ്രതികളായ വൈക്കം ഉദയനാപുരം സ്വദേശി സജീഷ് കുമാർ (കണ്ണൻ-29) ആണ് ആദ്യം പിടിയിലായത്. പിന്നാലെ നടത്തിയ തിരച്ചിലിൽ രണ്ടാമത്തെ പ്രതിയായ കൈനകരി പൊങ്ങ സ്വദേശി അഖിൽ (കരണ്ട് -26) നെയും പിടികൂടി.
അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷ്, പുളിങ്കുന്ന് ഇൻസ്പെക്ടർ ആനന്ദബാബു, നെടുമുടി ഇൻസ്പെക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് തെരച്ചിൽ നടത്തിയത്. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച ബൈക്ക് ചാലക്കുടിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.
മലപ്പുറം, എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ ഇവർ പിടിച്ചുപറി നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. കോമ്പിംഗിനോടനുബന്ധിച്ച് അമ്പലപ്പുഴ സബ് ഡിവിഷനിൽ മാത്രം വിവിധ കേസുകളിൽ ഉൾപ്പെട്ട
60 പേരെയും 25 വാറണ്ട് പ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രതികളെ രാമങ്കരി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]