മധ്യപ്രദേശിൽ റെസ്റ്റോറന്റിൽ പരിശോധനയ്ക്കെത്തിയ ഫുഡ് ഇൻസ്പെക്ടർക്ക് കാണേണ്ടി വന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ. ഭക്ഷണസാധനങ്ങളിലൂടെ ഓടുന്ന എലികളും, തുറന്നുവച്ച ഭക്ഷണസാധനങ്ങളിലിരിക്കുന്ന ഈച്ചകളും ഒക്കെ ഇതിൽ പെടുന്നു.
എന്നാൽ, വൃത്തിഹീനമായ ഈ സാഹചര്യത്തെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ റെസ്റ്റോറന്റ് ഉടമ നൽകിയ മറുപടിയായിരുന്നു അതിലും ഞെട്ടിക്കുന്നത്. ഈ എലികൾ ഞങ്ങളുടെ വളർത്തുമൃഗങ്ങളാണ് എന്നായിരുന്നു മറുപടി.
മധ്യപ്രദേശിലെ സാഗറിലെ ബുണ്ടേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിർവശത്തുള്ള റാഷി റെസ്റ്റോറന്റിലാണ് ഭക്ഷ്യ വകുപ്പിൽ നിന്നുള്ള ഒരു സംഘം റെയ്ഡ് നടത്തിയത്. ദുുർഗന്ധം നിറഞ്ഞ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
റെസ്റ്റോറന്റിലെ അടുക്കളയിൽ എലികളും പ്രാണികളും ഈച്ചകളും ഒക്കെ ഉണ്ടായിരുന്നു. അതിനുപുറമേ ചുമരുകളിൽ എണ്ണയും മറ്റുമായി അങ്ങേയറ്റം വൃത്തികേടായിരുന്നു.
എലികളെ കണ്ടതിനെ കുറിച്ച് ഫുഡ് ഇൻസ്പെക്ടർ പ്രീതി റായ് റസ്റ്റോറന്റ് ഉടമയോട് ചോദിച്ചപ്പോൾ, അയാൾ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നത്രെ, “മാഡം, ഈ എലികൾ ഞങ്ങളുടെ വളർത്തുമൃഗങ്ങളാണ്.” ഇതിന് പുറമേ നിയമവിരുദ്ധമായി ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ റെസ്റ്റോറന്റിൽ ഉപയോഗിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ചോദിച്ചപ്പോൾ ഉടമ പറഞ്ഞത്, ഇത് ഗാർഹിക സിലിണ്ടറാണ്, ഞാൻ ഇത് റീഫിൽ ചെയ്യാൻ കൊണ്ടുവന്നതാണ് എന്നാണ്.
പിന്നാലെ, പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥർ റസ്റ്റോറന്റ് സീൽ ചെയ്യാൻ ഉത്തരവിട്ടു. പരിശോധനാ ഫലങ്ങൾ വന്നാൽ കർശനമായ നിയമനടപടി സ്വീകരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ റസ്റ്റോറന്റ് ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റെയ്ഡ് പ്രദേശത്തെ മറ്റ് റെസ്റ്റോറന്റ് ഉടമകളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]