ഇന്ത്യ അനായാസം കടന്ന വിൻഡീസ് പരീക്ഷയിലും ചില കടുപ്പമേറിയ ചോദ്യങ്ങള്‍ നേരിട്ടവരുണ്ടായിരുന്നു. ടെസ്റ്റ് ടീമിലെ സ്ഥാനം സീസണുകള്‍ പോലെ മാറിമറിഞ്ഞവരും തുലാസിലായവരും.
വെള്ളക്കുപ്പായമുറപ്പിക്കാൻ അവര്‍ക്ക് വ്യക്തിഗതത്തിളക്കം വേണമായിരുന്നു. അത് സാധ്യമാക്കാൻ ഇതുപോലൊരു അവസരം മുന്നിലുമുണ്ടായിരുന്നില്ല.
കുല്‍ദീപ് യാദവ്, സായ് സുദര്ശൻ, ദ്രുവ് ജൂറല്‍ എന്നിവരായിരുന്നു പാസ് മാര്‍ക്കിനായി പന്തും ബാറ്റുമേന്തിയത്. പാസായെന്ന് മാത്രമല്ല, ഫസ്റ്റ് ക്ലാസ് നേട്ടത്തോടെയാണ് ടെസ്റ്റ് ടീമിലേക്ക് തങ്ങളുടെ കസേര വലിച്ചിട്ടിരിക്കുന്നത്.
സായിയുടെ തിരിച്ചുവരവ് വിൻഡീസ് പരമ്പര മറ്റാരേക്കാളും നിര്‍ണായകമായിരുന്നത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്ന യുവതാരം സായ് സുദര്‍ശനായിരുന്നു. രാഹുല്‍ ദ്രാവിഡ് മതില് കെട്ടിയ, ചേതേശ്വര്‍ പൂജാര കാവലാളായ മൂന്നാം നമ്പറിലെ പ്രതീക്ഷകാക്കുക സായിക്ക് മുന്നിലെ വെല്ലുവിളി തന്നെയായിരുന്നു.
ആദ്യ പരീക്ഷണം തന്നെ ഇംഗ്ലണ്ടിലെ കഠിനമായ സാഹചര്യങ്ങള്‍. ആറ് ഇന്നിങ്സുകളില്‍ മൂന്നാം നമ്പറിലെത്തിയ സായ് 21 ശരാശരിയില്‍ 140 റണ്‍സ് മാത്രമാണ് നേടാനായത്.
ആറ് ഇന്നിങ്സില്‍ രണ്ട് തവണയും റണ്ണൊന്നുമെടുക്കാതെയായിരുന്നു സായ് മടങ്ങിയതും. മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനും നായകൻ ശുഭ്മാൻ ഗില്ലിനുമുള്ള വിശ്വാസമായിരുന്നു കരുണ്‍ നായരിന്റെ പരിചയസമ്പത്തിന് മുകളില്‍ സായിക്ക് വിൻഡീസ് പരമ്പരയ്ക്ക് അവസരമൊരുങ്ങാൻ കാരണമായത്.
പക്ഷേ, വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത് കേവലം ഏഴ് റണ്‍സ് മാത്രമായിരുന്നു. രണ്ടാം ടെസ്റ്റിലേക്കുള്ള സാധ്യതകള്‍ മങ്ങുമെന്ന് തോന്നിച്ചു, കാരണം ഉജ്വല ഫോമിലുള്ള ദേവ്ദത്ത് പടിക്കല്‍ ഡഗൗട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
പക്ഷേ, ഫിറോസ് ഷാ കോട്ട്ലയില് സായിയില്‍ തന്നെയായിരുന്നു ഇന്ത്യയുടെ വിശ്വാസം. കഴിഞ്ഞ് പോയ ഏഴ് ഇന്നിങ്സുകളുടെ ക്ഷീണം സായ് മാറ്റുകയായിരുന്നു കോട്ട്ലയില്.
ഒന്നാം ഇന്നിങ്സില്‍ 87 റണ്‍സ്, ജയ്സ്വാളിനൊപ്പം കൂട്ടുകെട്ട്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ വിജയത്തിലേക്ക് സംഭാവന ചെയ്തത് 39 റണ്‍സ്.
ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്സുകളില്‍ നിന്ന് നേടിയ റണ്‍സോളം തന്നെ കേവലം മൂന്ന് ഇന്നിങ്സില്‍ ഇവിടെ നേടാനായി. സായി ഇനി മൂന്നാം നമ്പറില്‍ തുടരും, പടിക്കല്‍ കാത്തിരിക്കേണ്ടതായും വന്നേക്കാം.
കറക്കി കുല്‍ദീപ് ഇനി കുല്‍ദീപ് യാദവ്. ഇംഗ്ലണ്ട് പര്യടനത്തിലേക്ക് പേരെഴുതിച്ചേര്ക്കപ്പെട്ടപ്പോള് ഇന്ത്യയുടെ വജ്രായുധമെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതന്മാര് കുല്‍ദീപിനെക്കുറിച്ച് വിധിയെഴുതിയത്.
പക്ഷേ, അഞ്ച് ടെസ്റ്റുകളിലും കുല്‍ദീപിന്റെ സ്ഥാനം ഡഗൗട്ടിലും ഡ്രസിങ് റൂമിലുമായി അവസാനിച്ചു. 2017ലാണ് കുല്‍ദീപ് ടെസ്റ്റില്‍ അരങ്ങേറുന്നത്, എട്ട് വര്‍ഷത്തെ കരിയറില്‍ വിൻഡീസ് പരമ്പരയ്ക്ക് മുൻപ് കളിച്ചത് കേവലം 13 ടെസ്റ്റുകള്‍ മാത്രം.
അതിന്റെ കാരണങ്ങളിലൊന്ന് രവി അശ്വിൻ, രവീന്ദ്ര ജഡേജ ഇതിഹാസ ദ്വയം തന്നെയായിരുന്നു. ചൈനാമാൻ എന്ന ആനുകൂല്യം കുല്‍ദീപിനെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇതുവരെ ലഭിച്ചില്ല.
അശ്വിന്റെ പടിയിറക്കത്തോടെ ഹോം കണ്ടീഷനുകളില്‍ കുല്‍ദീപ് നിര്‍ണായക ഘടകമാകുമെന്ന് തീര്‍ച്ചയായിരുന്നു. അതിന്റെ ഉദാഹരണമായിരുന്നു 2024ലെ ഇംഗ്ലണ്ടിനെതിരായ പരമ്പര.
അന്ന് നാല് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റായിരുന്നു കുല്‍ദീപ് നേടിയത്. ഇതേ പ്രകടനം വിൻഡീസിനെതിരെയും കുല്‍ദീപ് ആവര്‍ത്തിച്ചു.
രണ്ട് ടെസ്റ്റുകളില്‍ നിന്ന് 12 വിക്കറ്റുകള്‍. ഒരു അഞ്ച് വിക്കറ്റ് പ്രകടനം.
രണ്ടാം ടെസ്റ്റിലെ കളിയിലെ താരം. പരമ്പരയില്‍ ഏറ്റവുമധികം തവണ ബാറ്റര്‍മാരെ മടക്കിയതും കുല്‍ദീപ് തന്നെയായിരുന്നു.
കുറഞ്ഞത് ഹോം ടെസ്റ്റുകളിലെങ്കിലും കുല്‍ദീപിന്റെ സ്ഥിരസാന്നിധ്യമുണ്ടായേക്കും. സുഖമുള്ളൊരു തലവേദനയായി സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ് ദ്രുവ് ജൂറല്‍.
റിഷഭ് പന്തിന് ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ഉണ്ടായ പരുക്ക് നല്കിയ അവസരം 100 ശതമാനം വിനിയോഗിക്കാൻ ജൂറലിന് കഴിഞ്ഞിട്ടുണ്ട്. അഹമ്മദാബാദില്‍ 125 റണ്‍സുമായി തിളങ്ങി, കന്നി ടെസ്റ്റ് സെഞ്ച്വറി.
ഡല്‍ഹിയില്‍ ഒന്നാം ഇന്നിങ്സില്‍ 44 റണ്‍സ്, രണ്ടാം ഇന്നിങ്സില്‍ പുറത്താകാതെ ആറ് റണ്‍സ്. 44ന് പുറത്തായത് ടീമിന്റെ സ്കോര്‍ അതിവേഗം ഉയര്‍ത്താനുള്ള ശ്രമത്തിനിടെയായിരുന്നു.
ഇതു തന്നെയാണ് ജൂറലിന്റെ പോസിറ്റീവായി ടീം കാണുന്നതും. വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഒരുങ്ങാതെ ടീമിന്റെ പരിഗണനകള്‍ക്കൊപ്പം സഞ്ചരിക്കുന്ന താരം.
അനായാസം നേടാൻ സാധിക്കുമായിരുന്ന അര്‍ദ്ധ സെഞ്ച്വറിയായിരുന്നു അനാവശ്യഷോട്ടിലൂടെ ജൂറല്‍ നഷ്ടപ്പെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും ഏറെക്കാലം പന്ത് തന്നെയായിരിക്കും ഫസ്റ്റ് ചോയിസ്.
എങ്കിലും തന്നെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായും പരിഗണിക്കാമെന്ന സൂചനകളാണ് ജൂറല്‍ പരമ്പരയിലൂടെ നല്‍കിയത്. അഹമ്മദാബാദിലെ സെഞ്ച്വറി ഏകദിന ഫോര്‍മാറ്റിലേക്കുള്ള വാതില്‍ തുറക്കുന്നതിനും കാരണമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]