
.news-body p a {width: auto;float: none;}
ശരീരഭാരം കൂടിയ ഒരാൾക്ക് നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും. സമൂഹത്തിൽ നിന്നുള്ള ചോദ്യങ്ങൾ മുതൽ ക്ഷണിക്കാത്ത അതിഥികളായെത്തുന്ന അസുഖങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. പലപ്പോഴും ശരീരഭാരം കൂടാനുള്ള കാരണം ഭക്ഷണമല്ല. തിരക്കുപിടിച്ച ജീവിതശൈലി, മാനസിക സമ്മർദം തുടങ്ങി ഇതിന് ധാരാളം കാരണങ്ങളുണ്ട്.
ബുദ്ധിമുട്ടുകൾ ഏറുമ്പോൾ തടി കുറയ്ക്കാനുള്ള മാർഗം ഇവർ തേടാറുണ്ട്. ശരിയായ ഭക്ഷണക്രമവും വ്യായാമവുമാണ് യഥാർത്ഥ രീതിയെങ്കിലും പലരും എളുപ്പവഴിക്ക് പുറകേയാണ് പോകാറുള്ളത്. ഇത് വലിയ ആപത്തിലേക്കാകും കൊണ്ടുപോവുക. അത്തരത്തിൽ തടി കുറയാൻ ഒരു ഗുളിക കഴിച്ച് ഒടുവിൽ ജീവൻ പോലും അപകടത്തിലായ ഒരു യുവതിയെ പറ്റി അറിയാം.
ശരീരഭാരം കുറയാൻ നാടവിര മുട്ട
പെട്ടെന്ന് തടി കുറയാൻ വേണ്ടി അമേരിക്കക്കാരിയായ യുവതിയാണ് നാടവിരയുടെ മുട്ടകളടങ്ങിയ ഗുളിക കഴിച്ചത്. ഈ ഗുളിക ഒരു തവണ കഴിച്ചാൽ വിരകൾ ആമാശയത്തിലെത്തി അവിടം ആവാസ സ്ഥലമാക്കി മാറ്റുന്നു. ശേഷം പരാന്നഭോജികളായ ഈ നാടവിരകൾ ആതിഥേയർ ഭക്ഷിക്കുന്നവയിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്നു. ഒപ്പം ഈ വിരകളും നമ്മുടെ ശരീരത്തിനുള്ളിൽ വളരുകയും ചെയ്യും.
21കാരിയായ അയോവ സ്വദേശിക്കാണ് അബദ്ധം പറ്റിയത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇവർ നാടവിര മുട്ടകളടങ്ങിയ ഗുളിക വാങ്ങിയെന്നാണ് വിവരം. അമേരിക്കൻ ഗൈനക്കോളജിസ്റ്റായ ഡോ. ബെർണാഡ് ഹുസു തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയാതെ വന്നതോടെയാണ് ഇന്റർനെറ്റിൽ വിവാദമായ രീതി യുവതി തിരഞ്ഞെടുത്തതെന്ന് ഡോക്ടർ വീഡിയോയിൽ പറഞ്ഞു. വിലക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ രീതി വളരെ ശക്തമായ ഫലം തരുമെന്ന് അവൾക്ക് തോന്നി.
രണ്ട് നാടവിര ഗുളികകൾ കഴിച്ചപ്പോൾ തന്നെ യുവതി ആഗ്രഹിച്ച രീതിയിലേക്ക് ശരീരം മാറി. നല്ല രീതിയിൽ ഭാരം കുറഞ്ഞു. അതും വളരെ വേഗത്തിൽ. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾക്ക് വയറുവേദനയും ശരീരത്തിൽ വീക്കവും അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ, ശരീരഭാരം കുറഞ്ഞതിന്റെ സന്തോഷത്തിലായിരുന്ന യുവതി മറ്റൊന്നും അപ്പോൾ കാര്യമാക്കിയിരുന്നില്ല. ഈ സന്തോഷങ്ങൾക്കൊന്നും അധികകാലം ആയുസ് ഉണ്ടായിരുന്നില്ല.
ഒരു ദിവസം പെട്ടെന്ന് അവൾക്ക് കവിളിൽ എന്തോ അടിക്കുന്നതുപോലെ അനുഭവപ്പെടാൻ തുടങ്ങി. ശരീരത്തിന്റെ പല ഭാഗത്തും വേദനയും ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ താടിയിൽ അസാധാരണമായ ഒരു മുഴ പ്രത്യക്ഷപ്പെട്ടു. കഠിനമായ തലവേദന, വയറുവേദന, തലയോട്ടിയിൽ മർദം തുടങ്ങി കൂടുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് ബാക്ടീരിയൽ അണുബാധയാണോ എന്നറിയാൻ അവൾ പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപ്രതീക്ഷിതമായി ആർത്തവം ഇടയ്ക്കിടെ വരാൻ തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ നാവ്, കരൾ ഉൾപ്പെടെ ശരീരത്തിന്റെ പല അവയവങ്ങളിലും മുറിവുകൾ ഉള്ളതായി കണ്ടെത്തി. ഇതോടെ നാടവിര ഗുളിക കഴിച്ച വിവരം ഇവർ ഡോക്ടറെ അറിയിച്ചു. ടെനിയ സഗിനാറ്റ, ടെനിയ സോളിയം എന്നീ രണ്ട് ഇനം പരാന്നഭോജികൾ യുവതിയുടെ ശരീരത്തിലുള്ളതായി ഡോക്ടർമാർ കണ്ടെത്തി. രക്തത്തിൽ ഇവയുടെ മുട്ടകളുടെ സാന്നിദ്ധ്യം ധാരാളമായി ഉണ്ടായിരുന്നു. ശരീരത്തിലുണ്ടായ അണുബാധയ്ക്ക് കാരണവും ഇതായിരുന്നു.
വിരകളെ കൊല്ലുന്നതിനും അവ കുടലിൽ നിന്ന് വേർപെട്ട് പോകുന്നതിനുമുള്ള മരുന്നുകൾ ഡോക്ടർമാർ നൽകി. പോഷകങ്ങളൊന്നും കിട്ടാതെ ശരീരമാകെ തളർന്ന അവസ്ഥയിലായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. മസ്തിഷ്കത്തിലെ വീക്കം കുറയ്ക്കാൻ ഡോക്ടർമാർ സ്റ്റിറോയിഡുകൾ നൽകി. മൂന്നാഴ്ച കഴിഞ്ഞ് രക്തം പരിശോധിച്ചപ്പോൾ നാടവിര മുട്ടകളുടെ സാന്നിദ്ധ്യം പൂർണമായും പോയിരുന്നു. ഇതോടെ അവളെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ആറ് മാസം കഴിഞ്ഞ് പരിശോധിച്ചപ്പോഴും യുവതി ആരോഗ്യവതിയായിരുന്നു.
ഒരു മനുഷ്യന്റെ ശരീരഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണക്രമവും വ്യായാമവും മാത്രം മതിയെന്നും ഡോക്ടർ വീഡിയോയിൽ പറഞ്ഞു. അൽപ്പം സമയമെടുക്കുമെന്ന് കരുതി എളുപ്പവഴികൾ പരീക്ഷിച്ചാൽ അത് ദൂരെവ്യാപകമായ ആപത്തുകൾ ഉണ്ടാക്കുമെന്നും ഡോക്ടർ അറിയിച്ചു. മരണം വരെ സംഭവിച്ചേക്കാവുന്ന ആപത്തിൽ നിന്നാണ് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തലച്ചോറ്, നാഡീവ്യവസ്ഥ തുടങ്ങിയവയെപ്പോലും ഇത് ബാധിക്കും. മാത്രമല്ല, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തടസപ്പെടാനും മരണത്തിലേക്ക് നയിക്കാനും ഇത് കാരണമാകുന്നു.