
തൃശൂര്‍: സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടൻ സുരേഷ് ഗോപിക്കും കെ സുരേന്ദ്രനമടക്കമുള്ളവർക്കെതിരെ കേസെടുത്തതിന്റെ കാരണമടക്കം വിശദീകരിച്ച് തൃശൂർ പൊലീസ്. സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ കെ അനീഷ് കുമാർ, ഹരി കെ ആർ തുടങ്ങി 500 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നാണ് തൃശൂർ ഈസ്റ്റ് പൊലീസ് വ്യക്തമാക്കിയത്.
ഈ മാസം 2 നായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര ബി ജെ പി സംഘടിപ്പിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യമർപ്പിക്കാനെത്തിയത്. ഈ യാത്രയിൽ വാഹനതടസ്സം സൃഷ്ടിച്ചു എന്നത് ചൂണ്ടികാട്ടിയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പദയാത്ര നയിച്ച സുരേഷ് ഗോപിയുമടക്കമുള്ള അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്ന് ബി ജെ പി ആരോപിച്ചു.
അതേസമയം ബി ജെ പി നേതൃത്വം കരുവന്നൂരില്‍ പദയാത്ര നടത്തിയതിനെതിരെ സുരേഷ് ഗോപിയെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരെ പ്രതികരിച്ച് രംഗത്തെത്തി. രാഷ്ടീയ പകപോക്കലാണെന്നാണ് ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ അഭിപ്രായപ്പെട്ടത്. സുരേഷ് ഗോപി ബാങ്ക് കൊള്ളക്കാര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് സി പി എമ്മിനെ പ്രകോപിപ്പിച്ചത്. തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികള്‍ക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നിലെന്നും അനീഷ് കുമാര്‍ പറഞ്ഞു. സമാധാനപരമായി നടന്നൊരു പദയാത്രയ്ക്കെതിരെ കേസ് എടുക്കുന്നത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും രാജ്യത്തൊരിടത്തും ഒരു പൊലീസും കേസ് എടുത്തിട്ടില്ല. സി പി എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടികള്‍ മൂലം വലിയ ഗതാഗത തടസമുണ്ടായിട്ടും ഒരു കേസും ഉണ്ടായിട്ടില്ലെന്നും ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ്ചൂണ്ടികാട്ടി.
Last Updated Oct 15, 2023, 1:18 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]