
സുല്‍ത്താന്‍ ബത്തേരി: ഇന്നലെയാണ് വയനാടിനെ ഇന്ത്യയിലെ ദുരന്ത പ്രതികരണ ക്ഷമത കൈവരിച്ച പട്ടികവര്‍ഗ്ഗ കോളനികളുള്ള ആദ്യ ജില്ലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനിടെ സ്വന്തം വീട് തന്നെ ദുരന്തമുഖമായി മാറുമോ എന്ന ഭയാശങ്കയില്‍ കഴിയുകയാണ് ബത്തേരി കല്ലൂര്‍ തിരുവണ്ണൂര്‍ കോളനിയിലെ ലീലയും കുടുംബവും.
30 വര്‍ഷത്തിലധികം പഴക്കമുള്ള, കോണ്‍ക്രീറ്റ് അടര്‍ന്നു മാറി കമ്പി പുറത്ത് കാണുന്ന വീട്ടിലാണ് ലീലയും രണ്ട് ആണ്മക്കളും ഇവരുടെ ഭാര്യമാരും ഒന്നര വയസുള്ള പേരക്കുട്ടിയും വര്‍ഷങ്ങളായി താമസിക്കുന്നത്. ഒറ്റമുറിയും അടക്കളയും ഹാളും സിറ്റൗട്ടും അടങ്ങുന്ന കുഞ്ഞുവീടൊന്ന് മാറ്റിപ്പണിയണമെന്നും അപകടസാധ്യതയുണ്ടെന്നും പഞ്ചായത്ത് അംഗത്തോട് പലവട്ടം പറഞ്ഞതാണെന്ന് ലീല പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അനുവദിക്കാതെ വീട് തരാന്‍ തനിക്ക് കഴിയില്ലെന്ന മറുപടിയാണ് മെമ്പര്‍ പറഞ്ഞതെന്ന് ലീല ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മേല്‍ക്കൂര മുഴുവന്‍ ചോര്‍ന്നൊലിക്കുകയാണ്. വീടാകെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മഴ നനയാതെയെങ്കിലും കഴിയുന്നതെന്നും ഈ വിധവയായ വീട്ടമ്മ പറയുന്നു.
മഴ ശക്തമായി പെയ്താല്‍, ഇടിയൊന്ന് വെട്ടിയാല്‍ ലീലയുടെയും മക്കളുടെയും ഉള്ളില്‍ ആധി നിറയുകയായി. ഒരു ദിവസം ഈ മേല്‍ക്കൂര തങ്ങളുടെ ദേഹത്തേക്ക് പതിച്ചേക്കാമെന്ന് ലീല പറയുന്നു. അങ്ങനെ ഒരു ദുരന്തമുണ്ടായാല്‍ ഒറ്റ പ്രാര്‍ഥന മാത്രമേയുള്ളൂവെന്നും തന്റെ കുഞ്ഞുമോനെങ്കിലും രക്ഷപ്പെടണമെന്നത് മാത്രമാണതെന്നും ലീല പറഞ്ഞു.
അതേസമയം, മുന്‍ഗണന പട്ടികയില്‍ നിന്ന് ലീലയുടെ പേര് പുറത്തായതിന് കാരണം സ്ഥലവും വീടും ആവശ്യപ്പെട്ടുള്ള അപേക്ഷയാണെന്ന് വാര്‍ഡ് അംഗം ധന്യ പറയുന്നു. വീടിന് മാത്രം അപേക്ഷ നല്കിയ ഗുണഭോക്താക്കള്‍ക്കാണ് ഇത്തവണ ലൈഫ് പദ്ധതിയില്‍ ഫണ്ട് ലഭിച്ചിട്ടുള്ളു. സര്‍ക്കാര്‍ ഫണ്ടില്ലാത്തതിനാല്‍ വീടും സ്ഥലവും ലഭിക്കേണ്ടവരുടെ അപേക്ഷ ഒന്നുപോലും നൂല്‍പ്പുഴ പഞ്ചായത്തില്‍ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വാര്‍ഡ് അംഗം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]