
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ്, വാട്ടർവേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യ അതിഥി ആയിരിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.
കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവരും പങ്കെടുക്കും. സംസ്ഥാനത്തെ മറ്റു മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സംബന്ധിക്കും.
തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെൻഹുവ 15 കപ്പൽ ഇതിനോടകം പുറം കടലിൽ എത്തിയിട്ടുണ്ട്. പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്നവർ മൂന്ന് മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തു സുരക്ഷ പരിശോധനകൾക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സദസ്സിലേക്ക് എത്തിക്കും. പ്രവേശനത്തിന് പ്രത്യേക പാസ്സുകളില്ല. മുഴുവൻ ജനങ്ങൾക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി പരിപാടിയിൽ പങ്കെടുക്കാൻ കഴിയും. തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഉച്ചക്ക് 2 മണി മുതൽ വിഴിഞ്ഞത്തേക്കും, 6 മണി മുതൽ തിരിച്ചും സൗജന്യ ബസ് സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങൾ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ചും ചടങ്ങിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും തുറമുഖ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.
Last Updated Oct 15, 2023, 3:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]