First Published Sep 13, 2023, 10:31 AM IST
തിരുവനന്തപുരം: ‘എപ്പോ വേണേലും എവിടെയും സംഭവിക്കാം, കണ്ടിട്ട് മനസിലാക്കി ജീവിച്ചാൽ എല്ലാവർക്കും നല്ലത്’- സെപ്റ്റംബര്‍ പതിനൊന്നാം തിയതി രാവിലെ ഫിലിപ്പീൻസില്‍ സംഭവിച്ച അപൂര്‍വ കാലാവസ്ഥാ പ്രതിഭാസത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കെട്ടിടത്തിന് സമീപത്ത് ടൊർണേഡോ പ്രതിഭാസം ദൃശ്യമാകുന്നതിന്റെയും മരങ്ങള്‍ ശക്തമായ കാറ്റില്‍ ആടിയുലയുന്നതും റോഡില്‍ മരങ്ങള്‍ വീണ് കിടക്കുന്നതും ടൊർണേഡോയിലേക്ക് ശക്തമായ ഇടിമിന്നല്‍ വരുന്നതുമാണ് വീഡിയോയിലുള്ളത്. ലോകത്തിന്റെ ഏത് ഭാഗത്തും എപ്പോള്‍ വേണമെങ്കിലും ഇത്തരം അപകടങ്ങള്‍ സംഭവിക്കാം, അതുകൊണ്ട് ആളുകള്‍ ജാഗ്രത പാലിക്കണം എന്നാവശ്യപ്പെട്ടാണ് വീഡിയോ വാട്സ്ആപ്പിലുള്‍പ്പടെ വൈറലായിരിക്കുന്നത്.
കാണുമ്പോള്‍ തന്നെ പേടിപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ സത്യത്തില്‍ സംഭവിച്ചത് തന്നെയാണോ? ഫിലിപ്പീൻസില്‍ സംഭവിച്ചത് എന്നതിന് പുറമെ മറ്റ് മൂന്ന് വ്യത്യസ്ത തലക്കെട്ടുകളോടെയും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായിട്ടുണ്ട്. വിശദമായി വായിക്കാം…
പ്രചാരണം- 1
‘LIVE from Philipines this Morning 11-9-2023. എപ്പോ വേണേലും എവിടെയും സംഭവിക്കാം, കണ്ടിട്ട് മനസിലാക്കി ജീവിച്ചാൽ എല്ലാവർക്കും നല്ലത്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ വാട്സ്ആപ്പില്‍ പ്രചരിക്കുന്നത്.
പ്രചാരണം- 2
ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത നാശം വിതച്ച ലിബിയ നഗരത്തില്‍ നിന്നുള്ള വീഡിയോയാണിത് എന്ന പ്രചാരണവും സജീവമാണ്. ‘ലിബിയയിലെ ജനങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. അവിടുത്തെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നു. ഡാനിയേല്‍ കൊടുങ്കാറ്റ് രണ്ടായിരത്തിലധികം പേരുടെ ജീവന് അവഹരിച്ചു. ഡാനിയേല്‍ വലിയ കനത്ത വെള്ളപ്പൊക്കമാണ് ലിബിയയില്‍ സൃഷ്ടിച്ചത്. നഗരങ്ങള്‍ ഒഴുകിപ്പോവുകയും ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു എന്നുമുള്ള’ കുറിപ്പോടെയാണ് ഒരു ട്വീറ്റ്.
പ്രചാരണം- 3
ഇവിടെയും അവസാനിക്കുന്നില്ല ഈ വീഡിയോ വെച്ചുള്ള പ്രചാരണം എന്നാണ് പരിശോധനയില്‍ വ്യക്തമായത്. അമേരിക്കയിലെ ഫ്ലോറിഡയില്‍ ഓഗസ്റ്റ് അവസാനം വീശിയടിച്ച ‘ഇഡാലിയ’ ചുഴലിക്കാറ്റിന്റെ സമയത്തും സമാന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രചാരണം- 4
കാനഡയിലെ ടോറോണ്ടോ നഗരത്തിലുണ്ടായ ടൊർണേഡോ പ്രതിഭാസത്തിന്റെ ദൃശ്യങ്ങളാണിത് എന്ന പ്രചാരണവും തകൃതിയാണ്. ഇത്തരത്തിലുള്ള ട്വീറ്റുകളും നമുക്ക് കാണാം.
വസ്തുത
ഈ വീഡിയോ ഫീലിപ്പിയന്സില് നിന്നുള്ളതാണ് എന്ന ആദ്യ പ്രചാരണം തന്നെ കള്ളമാണ്. മാത്രമല്ല, വീഡിയോ ലിബിയന്‍ ദുരന്തത്തിലേതോ ഫ്ലോറിഡയിലെ ഇഡാലിയ ചുഴലിക്കാറ്റിന്റേതോ അല്ല എന്നതും വീഡിയോ ഷെയര്‍ ചെയ്യുന്ന എല്ലാവരും മനസിലാക്കേണ്ട വസ്തുതയാണ്. ദിവസങ്ങളായി ട്വിറ്ററും യൂട്യൂബും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വിവിധ തലക്കെട്ടുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. ചുഴലിക്കാറ്റുകളുടെ വിവിധ വീഡിയോകളും ഗ്രാഫിക്സുകളും എഡിറ്റ് ചെയ്ത് ചേര്‍ത്ത് റീല്‍സ് നിര്‍മ്മിക്കുന്ന ആര്ടിസരോവ്വീഡിയോ (rtsarovvideo) എന്ന യൂട്യൂബ് ചാനലില്‍ ഈ വീഡിയോ കാണാം. 2023 സെപ്റ്റംബര്‍ 4നാണ് ഇദേഹം വീഡിയോ യൂട്യൂബില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇതിനകം അറുപത്തിനായിരത്തോളം പേര് ഈ റീല്‍സ് യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ മാത്രമല്ല, ചുഴലിക്കാറ്റുകളുടെ കൃത്രിമമായി നിര്‍മ്മിച്ച നിരവധി വീഡിയോകള്‍ ആര്ടിസരോവ്വീഡിയോയുടെ യൂട്യൂബ് അക്കൗണ്ടില്‍ കാണാം. ഇപ്പോള്‍ വിവിധ തലക്കെട്ടുകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ് എന്ന് അതിനാല്‍ ഉറപ്പിക്കാം.
ആര്ടിസരോവ്വീഡിയോ ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
Last Updated Sep 14, 2023, 9:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]