
കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി (ഐ.ജി.എന്‍.ടി.യു). സര്‍വകലാശാല പരിസരത്ത് പ്രവേശിക്കണമെങ്കില്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അമര്കണ്ടകിലെ ഐ.ജി.എന്‍.ടി.യു. പ്രൊക്ടര്‍ പ്രൊഫസര്‍ എം.ടി.വി. നാഗരാജു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സര്‍വകലാശാല ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന കര്‍ശനനിര്‍ദേശമാണ് വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ സര്‍വകലാശാല നല്‍കിയിരിക്കുന്നത്.വിവിധ യു.ജി/ പി.ജി. കോഴ്സുകളിലേക്കായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഓപ്പണ്‍ കൗണ്‍സിലിങ് നടക്കുന്നുണ്ട്. ഇതിനായി കേരളത്തില്‍നിന്ന് ദിവസങ്ങള്‍ക്കുമുമ്പേ യാത്ര തിരിച്ച വിദ്യാര്‍ഥികളാണ് സര്‍വകലാശാലയുടെ പെട്ടെന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ദുരിതത്തിലായത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇത്തരത്തിലൊരു നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.നിപ സെല്ലില്‍ ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന മറുപടിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പി.ജി. രണ്ടാം സെമസ്റ്റര്‍ ബ്രേക്ക് കഴിഞ്ഞ്, മൂന്നാം സെമസ്റ്ററിലേക്ക് ക്ലാസുകള്‍ 18-ാം തീയതി ആരംഭിക്കും. കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ഥികള്‍ക്കുപുറമേ, സെമസ്റ്റര്‍ ബ്രേക്കിനുശേഷം സര്‍വകലാശാലയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉത്തരവ് ബാധകമാണ്. പെട്ടെന്നുള്ള ഉത്തരവിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ദുരിതത്തിലായിരിക്കുകയാണ്. ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും എം.പിമാരും മലയാളി അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്.