
പോര്‍ട്ട് ബ്ലെയര്‍: ആൻഡമാനിൽ 100 കോടിരൂപയുടെ മാരക ലഹരിമരുന്ന് കേരളത്തിൽ നിന്നുള്ള കസ്റ്റംസ്പ്രിവന്റീവ് – എക്സൈസ് സംയുക്ത സംഘം പിടികൂടി നശിപ്പിച്ചു. കടലോരത്ത് ബങ്കറിൽ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീൻ ആണ് പ്രാദേശിക സഹായത്തോടെ പിടികൂടിയത്. നാല് വർഷം മുൻപ് മ്യാൻമർ ലഹരിമാഫിയ സംഘം കടലിൽ മുക്കിയ കപ്പലിലെ 4000 കിലോ ലഹരിമരുന്ന് ആൻഡമാൻ തീരത്തടിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ജൂണിൽ 500 ഗ്രാം മെത്താംഫെറ്റമീനുമായി മൂന്ന് മലയാളികൾ മഞ്ചേരിയിൽ പിടിയിലായപ്പോഴാണ് മാരക ലഹരി വസ്തു എത്തുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായത്. തുടർന്ന് എക്സൈസ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം വിവരം കൊച്ചി കസ്റ്റംസ് പ്രിവന്ർറീവിന് കൈമാറിയാണ് സംയുക്ത ഓപ്പറേഷന് തീരുമാനിച്ചത്. കേരളത്തിൽ പിടിയിലായവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൻഡമാനിലെത്തി ആദിവാസി വിഭാഗത്തിലുള്ള യുവാവിനെ കസ്റ്റഡിയിലെടുത്തത്.
ആൻഡമാനിലെ മലാക്കയിൽ കടലോരത്ത് ജപ്പാൻ സൈന്യം നേരത്തെ ഉപേക്ഷിച്ച ബങ്കറിൽ ഇയാൾ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീൻ സംയുക്ത സംഘം കണ്ടെത്തി. 2 കിലോയുടെ 25 പാക്കറ്റുകളിലായിരുന്നു ലഹരി മരുന്ന്. ബങ്കറിൽ വെള്ളം കയറിയതിനാൽ ഇത് പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുർന്ന് സ്ഥലത്ത് തന്നെ നശിപ്പിച്ചു. പ്രദേശവാസികളുടെ കൈയ്യിൽ വ്യാപകമായി മയക്ക് മരുന്ന് ഉണ്ടെന്ന വിവരത്തെ തുടർന്ന് സംയുക്ത സംഘം ആൻഡമാൻ കളക്ടർ ഹരി കള്ളിക്കാട്ടിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ ക്ലാസുകൾ നടത്തി. ഇതിന് പിന്നാലെ 2 കിലോയോളം മയക്ക് മരുന്ന് പ്രദേശവാസികൾ ജില്ലാ ഭരണകൂടത്തെ തിരിച്ചേൽപ്പിച്ചു.98 ശതമാനം പ്യൂരിറ്റിയുള്ളതാണ് പിടികൂടിയ ലഹരിമരുന്ന്.
ഇനിയും നൂറ് കണക്കിന് കിലോ മെത്താംഫെറ്റമീൻ പ്രദേശവാസികളുടെ കൈയ്യിലുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. 2019ൽ ഇന്ത്യന്‍ കോസ്റ്റ്ഗാർഡിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മ്യാൻമറിൽ നിന്നുള്ള ലഹരി സംഘം മയക്ക് മരുന്ന് സഹിതം കപ്പൽ മുക്കിയിരുന്നു. വായുകടക്കാത്ത കവറിലുള്ള ലഹരി മരുന്ന് തീരത്ത് അടിയുകയുകയായിരുന്നു. ഇതാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
Last Updated Sep 15, 2023, 1:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]