
തൃശ്ശൂർ : ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച “ആയുഷ്മാൻ ഭവ” ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ലോകസഭാ എം.പി ടി.എൻ പ്രതാപൻ നിർവ്വഹിച്ചു. രോഗി സുരക്ഷാ സന്ദേശ പോസ്റ്റർ പ്രകാശനവും അദ്ദേഹം വേദിയിൽ വച്ച് നടത്തി. ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി രോഗീസുരക്ഷാ, അവയവദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ പി “ആയുഷ്മാൻ ഭവ” പദ്ധതി വിശദീകരണം നടത്തി.