
വിദേശ ഫോൺ ബ്രാൻഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ചൈനീസ് അധികൃതർ. ആപ്പിളിന്റെ ഐഫോണുകൾ ജോലിസ്ഥലത്ത് ഉപയോഗിക്കുന്നത് നിർത്താൻ ചില സർക്കാർ ഏജൻസികളും സ്ഥാപനങ്ങളും ജീവനക്കാരോട് പറഞ്ഞതായുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.
ആപ്പിൾ പോലുള്ള വിദേശ ബ്രാൻഡ് ഫോണുകൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും തടയുന്ന നിയമങ്ങളോ ചട്ടങ്ങളോ നയരേഖകളോ ചൈന പുറപ്പെടുവിച്ചിട്ടില്ല -നിരോധന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ അടുത്തിടെ ആപ്പിളിന്റെ ഫോണുകളുമായി ബന്ധപ്പെട്ട സുരക്ഷ സംഭവങ്ങൾ മാധ്യമങ്ങൾ തുറന്നുകാട്ടുന്നത് ശ്രദ്ധയിലുണ്ട്. ചൈനീസ് സർക്കാർ സൈബർ സുരക്ഷക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ആഭ്യന്തര, വിദേശ കമ്പനികളെ തുല്യമായാണ് പരിഗണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ ജീവനക്കാർ ഐഫോണുകൾ ഉപയോഗിക്കുന്നതിന് ചൈന നിലവിലുള്ള നിയന്ത്രണങ്ങൾ വർധിപ്പിച്ചതായി റോയിട്ടേഴ്സ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ചില ഗവൺമെന്റ് ഏജൻസികളിലെ ജീവനക്കാരോട് ജോലിസ്ഥലത്ത് അവരുടെ ആപ്പിൾ മൊബൈൽ ഉപയോഗിക്കുന്നത് നിർത്താൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു.
ചൈനക്കും അമേരിക്കക്കുമിടയിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് നിരോധനമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. വരുമാന വളർച്ചക്കും നിർമാണത്തിനും ചൈനയെ വളരെയധികം ആശ്രയിക്കുന്ന ആപ്പിളിന് വർധിച്ചുവരുന്ന വെല്ലുവിളികളെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എല്ലാ മൊബൈൽ ഫോൺ കമ്പനികളും തങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുമെന്നും വിവര സുരക്ഷ മാനേജ്മെന്റ് ശക്തിപ്പെടുത്തുമെന്നും ചൈന പ്രതീക്ഷിക്കുന്നതായി മാവോ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെയ്ജിംഗിനും വാഷിംഗ്ടണിനും സാങ്കേതികവിദ്യ പ്രധാന ദേശീയ സുരക്ഷ പ്രശ്നമായി മാറിയതിനാൽ പ്രാദേശികമായി നിർമിച്ച സാങ്കേതിക ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന് ചൈന കൂടുതൽ ഊന്നൽ നൽകുകയാണ്.