
മൂന്നാർ: ഇടുക്കിയിൽ മൂന്നാറിലെ പള്ളിവാസലിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലൻ ഓണ്‍ലൈൻ ഗെയിം. ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടമായതിനെ തുടർന്നാണ് കാസര്‍ഗോഡ് സ്വദേശിയായ പി കെ റോഷൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ സുഹൃത്തുക്കള്‍ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റോഷന്റെ ആത്മഹത്യക്ക് പിന്നിൽ ഓൺലൈന ഗെയിമാണെന്ന് കണ്ടെത്തിയത്.
കുറച്ചുനാളായി റോഷൻ നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്നുവെന്നും ഇതുമൂലം കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായെന്നും സഹപ്രവർത്തകർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ തുടർച്ചയായി പണം ഉപയോഗിച്ച് യുവാവ് റമ്മി കളിക്കുന്നത് ജീവനക്കാർ കണ്ടിരുന്നു. ആദ്യം ഗെയിം കളിച്ച് പണം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കളിച്ചുണ്ടാക്കിയ പണം കിട്ടാതായി. ഒടുവിൽ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നൽകാൻ ഓണ്‍ലൈൻ ഗെയിം നടത്തുന്നവർ ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ പണം നൽകിയ ശേഷമായിരുന്നു റോഷന്റെ ആത്മഹത്യ.
ബുധനാഴ്ച രാത്രിയോടെയാണ് റോഷിനെ താമസസ്ഥലത്ത് കാണാതായത്. തുടർന്ന് പുലർച്ചെ ജീവനക്കാർ നടത്തിയ തെരച്ചിലാണ് റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ റോഷിനെ കണ്ടെത്തിയത്. കാസർഗോഡ് വെള്ളരിക്കുണ്ട് റാണിപുരം പാറക്കൽ റെജി- റെജീന ദമ്പതികളുടെ ഒറ്റ മകനാണ് ആത്മഹത്യ ചെയ്തത് പി കെ റോഷിൻ. കുറച്ചുനാളുകൾക്കു മുമ്പാണ് ഇയാൾ സ്വകാര്യ റിസോർട്ടിൽ ജോലിക്കായി എത്തിയത്.
അതിനിടെ കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണി മൂലമെന്ന് പൊലീസ് കണ്ടെത്തി. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. മരണ ശേഷവും ദമ്പതികളെ ലോൺ ആപ്പുകൾ വെറുതെ വിട്ടിട്ടില്ല. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകള്‍ ഇന്ന് രാവിലെയും തങ്ങളുടെ ഫോണുകളിൽ എത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Last Updated Sep 15, 2023, 12:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]