
തിരുവനന്തപുരം: ബത്തേരി സർക്കാര്‍ സർവ്വജന ഹൈസ്കൂളിൽ പണി പൂർത്തിയാവുന്ന കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലിഫ്റ്റ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഇത് മാത്രമല്ല മറ്റൊരു വലിയ കെട്ടിടത്തിന്റേയും പണി പൂർത്തിയാവുകയാണ്. ഏഴരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പിന്നോക്കക്കാരുടേയും ദുർബല ജനവിഭാഗങ്ങളുടേയും കുട്ടികൾ കൂടുതലായി പഠിക്കുന്ന ഈ സ്കൂളിലേക്ക് അനുവദിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, ഷഹല ഷെറിൻ എന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി സര്‍ക്കാര്‍ സ്കൂളിനെതിരെ വലിയ ജനരോഷം ഉയര്‍ന്നതാണ്. 2019ലാണ് ബത്തേരി സർക്കാര്‍ സർവ്വജന ഹൈസ്കൂളിൽ വച്ച് ഷഹല ഷെറിൻ എന്ന വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടി ഏല്‍ക്കുന്നത്. വൈകീട്ട് 3.15 ന് ക്ലാസ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിനെ 6.30 ഓടെ കൂടിയാണ് ആന്റിവെനമുള്ള ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. ഇതിനിടെ കുട്ടിയുടെ ശരീരത്തില്‍ പാമ്പിന് വിഷം വ്യാപിക്കുകയും കുട്ടി മരിക്കുകയുമായിരുന്നു.
പാമ്പ് കടിയേറ്റ ഷഹലയും മറ്റ് കുട്ടികളും കടിച്ചത് പാമ്പാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ കുട്ടിയേ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ ആരോപിച്ചതോടെ സംഭവം വലിയ വിവാദത്തിന് കാരണമായി. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹെഡ്മാസ്റ്റർ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. വിവാദം കത്തിയ ഈ സ്കൂളാണ് മുഖം മിനുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്. ലിഫ്റ്റ് ഉള്‍പ്പെടെ വൻ സൗകര്യങ്ങളാണ് ഒരുങ്ങി വരുന്നത്. സ്കൂളിന്റെ അന്നത്തെയും ഇന്നത്തെയും ചിത്രങ്ങള്‍ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]