
കോഴിക്കോട് ∙ കേരളത്തിലെ
ദേശീയപാത നിർമാണത്തിൽ കോഴിക്കോട് ജില്ലയിലെ പ്രധാന റീച്ചായ രാമനാട്ടുകര–വെങ്ങളം പാതയിൽ ഒരുങ്ങുന്നത് അതിനൂതന സംവിധാനങ്ങൾ. 28.4 കി.മി.
വരുന്ന ഈ റീച്ചിലെ ആറുവരിപ്പാതയുടെ മധ്യത്തിലുള്ള ഡിവൈഡറുകളിൽ 46 ട്രാഫിക് ക്യാമറകളാണ് സ്ഥാപിച്ചത്. റീച്ചിലുണ്ടാകുന്ന ഓരോ ചലനവും തൽസമയം ഒപ്പിയെടുത്ത് രാമനാട്ടുകരയിൽ മാമ്പുഴപാലത്തിനു സമീപം പ്രവർത്തനസജ്ജമായ ടോൾ പ്ലാസയിലെ കൺട്രോൾ റൂമിൽ വീക്ഷിച്ച് നടപടികൾ സ്വീകരിക്കാവുന്ന സംവിധാനമാണ് പൂർത്തിയാകുന്നത്.
പ്ലാസയിൽ സൂം ഇൻ, സൂം ഔട്ട് സംവിധാനങ്ങൾ മാത്രമുള്ള സ്ഥിരം ക്യാമറകളാണെങ്കിൽ റീച്ചിലെ ഡിവൈഡറുകളിൽ ചുറ്റുപാടും കറങ്ങിനിരീക്ഷിക്കുന്ന ക്യാമറകളാണ് ഒരുക്കിയിട്ടുള്ളത്. അമിതവേഗം, ദേശീയപാതയിലേക്ക് അനധികൃതമായി കടക്കൽ, എക്സിറ്റ് തുടങ്ങി ലൈൻ നിയമലംഘനങ്ങൾ വരെ ഇതിൽ നിരീക്ഷിക്കാനാകുമെന്ന് ബന്ധപ്പെട്ട
കേന്ദ്രങ്ങൾ അറിയിച്ചു. 15 ദിവസം ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാനുളള സൗകര്യമാണ് നിലവിലുള്ളത്.
ആവശ്യമെങ്കിൽ ഇത് കൂടുതൽ കാലയളവിലേക്ക് ദീർഘിപ്പിക്കാനുമാകും.
∙ സെപ്റ്റംബറിൽ തുടങ്ങും ടോൾ പിരിവ്
ദേശീയപാതയിൽ രാമനാട്ടുകര–വെങ്ങളം റീച്ചിൽ സെപ്റ്റംബർ മുതൽ ടോൾ പിരിവു തുടങ്ങാനുള്ള പദ്ധതികളാണ് പൂർത്തിയാകുന്നത്. ഇരിങ്ങല്ലൂർ കൂടത്തുംപാറയിൽ മാമ്പുഴ പാലത്തിനുസമീപത്താണ് ഇരുദിശകളിലേക്കുമുള്ള ടോൾ പ്ലാസകൾ നിർമിച്ചത്.
250 മീറ്ററോളം അകലത്തിലാണ് രാമനാട്ടുകരയിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്കുപോകുന്ന ടോൾ ബൂത്തും തൊണ്ടയാട് ഭാഗത്തുനിന്ന് രാമനാട്ടുകര ഭാഗത്തേക്കുവരുന്ന ടോൾ ബൂത്തുമുള്ളത്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ നടപടികളും പുരോഗമിക്കുന്നു.
ഒന്ന്, രണ്ട് ട്രാക്കുകളിലൂടെ കാറുകളും ലൈറ്റ് മോട്ടർ വാഹനങ്ങളും, മൂന്ന്, നാല് ട്രാക്കുകളിൽ ബസ്, ട്രക്ക്, ഏറ്റവും ഇടതുവശത്തായുള്ള അഞ്ചാം ട്രാക്കിലൂടെ വീതികൂടിയ വാഹനങ്ങൾ എന്നിങ്ങനെ കടത്തിവിടാവുന്ന രീതിയിലാണ് ടോൾ പ്ലാസയിലെ ക്രമീകരണം.
ഇരുമ്പുതൂണുകളെ ബന്ധിപ്പിച്ച് ഒരുക്കിയ ടോൾ മേൽക്കൂരയിൽ റൂമുകൾ നിർമിച്ച് ടോൾ പ്ലാസയുടെ ഓഫിസുകൾക്കുള്ള സൗകര്യവും ഒരുക്കി. ടോൾ ബൂത്ത് എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപ് തന്നെ വ്യത്യസ്ത വാഹനങ്ങൾക്കുളള നിരക്കുകളും സൂചനാ സന്ദേശമുള്ള ബോർഡുകളും സ്ഥാപിച്ചു.
സൂചനാ ബോർഡ് 500 മീറ്റർ, 200 മീറ്റർ, 100 മീറ്റർ ദൂരപരിധിക്കിടെയാണ് സ്ഥാപിച്ചത്.
∙ ഇരിങ്ങല്ലൂരിൽ കേരളത്തിലെ ആദ്യ ട്രംപറ്റ് കവല
കേരളത്തിൽ നിർമിക്കുന്ന ആദ്യ ട്രംപറ്റ് കവല ഈ ടോൾ ബൂത്തുകൾക്കിടയിൽ ഇരിങ്ങല്ലൂരിലാണ് വരുന്നത്. ഒരു ദിശയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ഏതു ഭാഗത്തേക്കും പോകാൻ കഴിയുമെന്നതാണ് ട്രംപറ്റ് കവലയുടെ പ്രത്യേകത.
ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66 ഉം നിർദിഷ്ട പാലക്കാട്– കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയും ചേരുന്ന ഇടമായതിനാൽ അതിവേഗപാതയിൽ തടസ്സങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
∙ അഴിയൂർ – വെങ്ങളം ഒക്ടോബറിൽ പൂർത്തിയാക്കും
ദേശീയപാതയിലെ അഴിയൂർ വെങ്ങളം ഭാഗത്തെ പണികൾ ഒക്ടോബറോടെ പൂർത്തിയാക്കാനാണ് നീക്കം.
25 കിലോമീറ്റർ വരുന്ന ഈ ഭാഗം പൂർത്തിയാക്കി താൽക്കാലിക ഗതാഗതത്തിന് സൗകര്യമൊരുക്കിയാൽ പ്രദേശത്തെ ഗതാഗതതടസ്സത്തിനും ഏറെ ആശ്വാസമാകും. അഴിയൂർ വെങ്ങളം റീച്ചിലെ നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് ഒക്ടോബറിൽ പൂർത്തിയാക്കാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]