
തിരുവനന്തപുരം : വോട്ട് കൊള്ള നടത്തി അധികാരത്തിലെത്തിയ മോദിക്കും ബിജെപി ഭരണകൂടത്തിനും അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ലെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബിജെപിയും അവരുടെ സര്‍ക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ബിഹാര്‍ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ജനാധിപത്യത്തെ സംരക്ഷിക്കുന്നതാണ്.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്നതാണ് കോടതി വിധി. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷത്തോളം ആളുകളുടെ പേര്, അവരെ നീക്കം ചെയ്യാനുണ്ടായ കാരണം എന്നിവ വെളിപ്പെടുത്തണമെന്ന കോടതിവിധി സ്വാഗതാര്‍ഹമാണ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമായും ഉന്നയിച്ചത് ഇലക്ട്രോണിക്സ് വോട്ടര്‍ പട്ടിക നല്‍കണമെന്നാണ്. അതാണിപ്പോള്‍ സുപ്രീംകോടതി വ്യക്തമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കൂടാതെ ആധാര്‍ സ്വീകരിക്കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കോടതി തള്ളി കളഞ്ഞത് വലിയൊരു നേട്ടമാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്ന പോരാട്ടത്തിലെ ആദ്യവിജയമാണിതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വയനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പൊളിഞ്ഞു.
മോഷണ കുറ്റത്തിന് കള്ളനെ പിടികൂടുമ്പോള്‍ പരാതിക്കാരനെതിരെ ആരോപണം ഉന്നയിക്കുന്നത് പോലെയാണ് സോണിയാ ഗാന്ധിയുടെ വോട്ടുമായി ബന്ധപ്പെട്ട് ബിജെപിയുടെ ആരോപണം. രാജ്യം ഭരിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നതും ബിജെപിയാണ്.
രാജ്യത്തെവിടെയെങ്കിലും വോട്ട് കൊള്ള നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ബിജെപി അജണ്ട
നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രമിച്ചാല്‍ അത് നടക്കില്ല. ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന വോട്ട് കൊള്ള അന്വേഷിക്കണം.
ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബിജെപിക്ക് വോട്ട് കൊള്ള നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ വെറുതെവിടില്ല.
വാരണാസിയില്‍ തോറ്റ സ്ഥാനാര്‍ത്ഥിയാണ് മോദിയെന്നതാണ് യഥാര്‍ത്ഥ വസ്തുത. വോട്ട് കൊള്ളയ്ക്കെതിരായ ആക്ഷേപത്തില്‍ മറുപടി നല്കാന് പോലും തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി നേതൃത്വം നല്കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎംഹസന്, കെ.മുരളീധരന്, ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എന്‍.ശക്തന്, എം.ലിജു,ജിഎസ് ബാബു, ജി.സുബോധന്‍,കെപി ശ്രീകുമാര്‍,മരിയാപുരം ശ്രീകുമാര്‍,വിഎസ് ശിവകുമാര്‍,എം.വിന്‍സന്റ് എംഎല്‍എ, കെപിസിസി ഭാരവാഹികള്‍,ജനപ്രതിനിധികള്‍,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട് കല്‍പ്പറ്റയില്‍ നടന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നേതൃത്വം നല്കി.രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാഹുല്‍ഗാന്ധി ഒറ്റക്കല്ലെന്നും ജനകോടികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ പ്രാണവായു നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പാണ്.
അതിന് കുറ്റമറ്റ വോട്ടര്‍പട്ടിക വേണം. അതില്‍ അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ വരാന്‍ പാടില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേടാണ് നടന്നത്. രാഹുല്‍ഗാന്ധി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്രസര്‍ക്കാരും ഉത്തരംമുട്ടി നില്‍ക്കുന്നതാണ് കാണാനായത്.
ഇലക്ഷന് കമ്മീഷന് നിഷ്പക്ഷമായി റഫറിയായി പ്രവര്‍ത്തിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനാധിപത്യത്തെ കശാപ്പു ചെയ്ത് മുന്നേറിയ ഏകാധിപതികളായ ഭരണാധികാരികളെ ലോക ചരിത്രത്തില്‍ ജനങ്ങളുടെ ചെറുത്തു നില്പ് അന്ധകാരത്തിലേക്കാണ് തള്ളിയിട്ടതെന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
എറണാകുളം ഡിസിസി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് ഇടപ്പള്ളി ടോളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുക എന്നതാണ് ഭരണകൂടത്തിന്റെ ബാധ്യത.എന്നാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുഗ്രഹത്തോടെ സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിച്ച്, ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല എംഎല്‍എ ആലപ്പുഴയിലും കെ.സുധാകരന് എംപി കണ്ണൂരിലും കൊടിക്കുന്നില്‍ സുരേഷ് എംപി കൊല്ലത്തും നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്കി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ മലപ്പുറം, പിസി വിഷ്ണുനാഥ് എംഎല്‍എ പാലക്കാട്, ഷാഫി പറമ്പില്‍ എംപി കാസര്‍ഗോഡ്,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി പത്തനംതിട്ട,തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ കോട്ടയം, ബെന്നി ബെഹനാന് എംപി തൃശ്ശൂര്‍, എം.കെ രാഘവന് എംപി കോഴിക്കോട്, ഡീന്‍ കുര്യാക്കോസ് എംപി ഇടുക്കി എന്നിവിടങ്ങളിലും ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്കി.
വിവിധ ജില്ലകളില്‍ നടന്ന നൈറ്റ് മാര്‍ച്ചില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി,ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]