
തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തിൽ ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. ഫോർട്ട് സ്റ്റേഷനിലാണ് അൻവർ കീഴടങ്ങിയത്. പ്രതിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. പ്രധാന പ്രതിയായ സജീറിൻ്റെ ബന്ധുവാണ് അൻവർ ഹുസൈൻ. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതെന്നു പൊലീസ് പറഞ്ഞു.
കേസിൽ നേരത്തെ 5 പേർ അറസ്റ്റിലായിരുന്നു. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. ഇപ്പോൾ പിടിയിലായ അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിക്കുകയും ചെയ്തു. അറസ്റ്റിലായ രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും ചേർന്നാണ് ഓട്ടോ അടിച്ചു തകർത്താണ് ജോയിയെ വെട്ടുന്നത്.
കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോയ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന ജോയിയെ ഒടുവിൽ പൊലീസ് ജീപ്പിലാണ് ആശുപത്രിൽ എത്തിച്ചത്. വട്ടപ്പാറ, പോത്തൻകോട് ഉൾപ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനൽ ലിസ്റ്റിൽ ജോയിയുണ്ട്. മേഖലയിൽ ഗുണ്ടാ കുടിപ്പക ആക്രമണം സ്ഥിരമായി നടക്കുന്നതാണ്. ഓരോ സംഭവത്തിന് ശേഷവും പൊലീസ് പുതിയ ഓപ്പറേഷൻ തുടങ്ങുമെങ്കിലും വൈകാതെ ഗുണ്ടകൾ വീണ്ടും സജീവമാകുന്നതാണ് പതിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]